ഇനി വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധിഘട്ടം..... സര്‍ക്കാര്‍ കാര്യക്ഷമമായ കരുതലെടുക്കണമെന്ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞര്‍

വരാനിരിക്കുന്നതു കടുത്ത പ്രതിസന്ധിഘട്ടമാണെന്നും പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ കരുതലെടുക്കണമെന്നും പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞര്‍.മൊത്തത്തിലോ അല്ലെങ്കില്‍ പ്രാദേശികതലത്തിലോ അടച്ചിടല്‍ ഇനിയും നീളാനിടയുള്ളതിനാല്‍ വലിയവിഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തിലാവുമെന്ന് നൊബേല്‍ പുരസ്‌കാര ജേതാക്കളായ അമര്‍ത്യസെന്‍, അഭിജിത് ബാനര്‍ജി, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നിവരുടെ മുന്നറിയിപ്പ്. അവശവിഭാഗങ്ങള്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കണം. എഫ്.സി.ഐ. ഗോഡൗണുകളില്‍ 7.7 കോടി ടണ്‍ ഭക്ഷ്യധാന്യശേഖരമുണ്ട്. പുതിയ വിളവെടുപ്പുകാലം തുടങ്ങിയതിനാല്‍ ഇതിനിയും കൂടും. ഒരാള്‍ക്കു മൂന്നുമാസത്തേക്ക് അഞ്ചു കിലോഗ്രാം അധികധാന്യം വീതം നല്‍കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ നടപടിയെടുത്തിട്ടുണ്ട്. പല കാരണങ്ങളാല്‍ റേഷന്‍ പട്ടികയിലില്ലാത്ത ഒട്ടേറെ പേരുണ്ട്.
ജാര്‍ഖണ്ഡില്‍മാത്രം ഏഴുലക്ഷം പേരാണ് റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചു കാത്തിരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളൊന്നും ഇപ്പോള്‍ പരിഹരിക്കാനാവില്ല. എന്നാല്‍, ആറ്ു മാസത്തേക്ക് താത്കാലിക റേഷന്‍ കാര്‍ഡുകള്‍ നല്‍കാം. ഇതുവഴി അര്‍ഹരായവര്‍ക്ക് ഭക്ഷ്യധാന്യവും മറ്റും ലഭ്യമാക്കാനാവും. ആരും പട്ടിണി കിടക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. അതിനു ഭക്ഷ്യധാന്യവിതരണം മാത്രം പോര. അതിഥിത്തൊഴിലാളികള്‍ക്കും മറ്റുമായി പൊതുകാന്റീനുകള്‍ തുറക്കണം.
സന്നദ്ധ സംഘടനകളുടെ സേവനവും സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണം. ജനങ്ങളുടെ കൈയില്‍ പണമില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. വായ്പ മുടങ്ങിക്കിടക്കുന്നവര്‍, വരുമാനം നഷ്ടപ്പെട്ടവര്‍, വിളവിറക്കാനും വളത്തിനും പണമില്ലാതെ വലയുന്ന കര്‍ഷകര്‍, കടയുടമകള്‍ തുടങ്ങി ഒട്ടേറെപ്പേരുണ്ട്. ഇവരുടെ ആശങ്കയകറ്റാനുള്ള നടപടികളുണ്ടാവണം. തൊഴിലുറപ്പ്, ആരോഗ്യ, ഉജ്ജ്വല പദ്ധതികളുടെയൊക്കെ ഗുണഭോക്താക്കളെ കണ്ടെത്തി ദരിദ്രരുടെ മൊത്തം പട്ടിക തയ്യാറാക്കി അവരുടെയെല്ലാം ജന്‍ധന്‍ അക്കൗണ്ടുകളില്‍ 5000 രൂപ വീതം നല്‍കണം. ബുദ്ധിപരമായ ചെലവഴിക്കലാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ അനിവാര്യമെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























