ലോകം പ്രതീക്ഷിച്ചിരിക്കുന്ന ആ സന്തോഷ വാര്‍ത്ത ജൂണിലോ? ഓക്സ്ഫോഡ് ലോകത്തിന്റെ രക്ഷകനാകുമോ; ഇനി ആഴ്ചകള്‍ മാത്രം; വിജയമായാല്‍ ലോകരാജ്യങ്ങള്‍ ഇന്ത്യക്കുപിന്നില്‍ ക്യൂ നില്‍ക്കും

നിലവിലെ അടിയന്തര സാഹചര്യത്തില്‍ കോവിഡിനെതിരായ വാക്സിന്‍ നിര്‍മ്മാണം അതിവേഗത്തിലാണ് ആഗോളതലത്തില്‍ നടക്കുന്നത്. ആഴ്ച്ചകള്‍ക്ക് മുന്‍പാണ് ഓക്സ്ഫോഡ് സര്‍വ്വകലാശാലയിലെ സാറ ഗിര്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങിയെന്ന ശുഭ വാര്‍ത്ത പുറത്തുവന്നത്. ഇപ്പോഴിതാ ജൂണിനകം തന്നെ ഈ പരീക്ഷണത്തിന്റെ ഫലവും ലഭ്യമാകുമെന്ന് ഓക്സ്ഫോഡ് ഗവേഷകസംഘം അറിയിച്ചിരിക്കുകയാണ്. ലോകത്തിന് വലിയ പ്രതീക്ഷ നല്‍കുന്ന ഈ വാര്‍ത്ത ഇന്ത്യക്ക് ഇരട്ടി നേട്ടമാകും ഉണ്ടാക്കുക. അതായത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി മനുഷ്യരില്‍ പരീക്ഷണം അവസാന ഘട്ടത്തിലിരിക്കുന്ന കോവിഡ്-19നുള്ള വാക്സിന്‍ തങ്ങള്‍ നിര്‍മിക്കുമെന്ന് അറിയിച്ചുകൊണ്ട് സെറം ഇന്ത്യ രംഗത്തെത്തിയിരുന്നു. അങ്ങനെ ഈ പരീക്ഷണ ഫലം അനുകൂലമായാല്‍ ലോകം ഇന്ത്യക്കു മുന്നിലും ക്യൂ നില്‍ക്കും വാക്‌സിനുവേണ്ടി. അതും ഏറ്റവും കുറഞ്ഞ വിലയില്‍
ലോകത്ത് ഏറ്റവുമധികം ഡോസ് വാക്സിന്‍ ഉണ്ടാക്കുന്ന കമ്പനി എന്ന ഖ്യാതി പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. കമ്പനിയുടെ പ്രശസ്തി വിലക്കുറവില്‍ വാക്സിനുകളും മറ്റും ഉണ്ടാക്കുന്ന കാര്യത്തിലാണ്. അത് കോവിഡ്-19ന്റെ കാര്യത്തിലും തുടരുമെന്ന് അവര്‍ അറിയിച്ചു. ഇന്ത്യയില്‍ ഏകദേശം 1,000 രൂപയ്ക്കു വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി പറഞ്ഞു. ഇതില്‍ തങ്ങളുടെ ചെലവുകളും ഉള്‍പ്പെടുമെന്നും സെറം ഇന്ത്യ ഒരു പ്രസ്താവനയില്‍ അറിയിച്ചു.
ഓക്സ്ഫോഡ് വാക്സിന്‍ 80 ശതമാനവും വിജയിക്കുമെന്ന പ്രതീക്ഷയാണ് നേരത്തെ പ്രൊഫ. സാറ ഗില്‍ബര്‍ട്ട് പ്രകടിപ്പിച്ചത്. എന്നാല്‍, ഇപ്പോള്‍ വിജയസാധ്യത വര്‍ധിച്ചുവെന്നും മെര്‍സ് വാക്സിന്റെ നിര്‍മ്മാണത്തില്‍ അടക്കം പങ്കാളിയായ സാറ ഗില്‍ബര്‍ട്ട് പറുന്നു. ഓക്സ്ഫോഡിന്റെ വാക്സിന് ഐസിഎംആര്‍ പിന്തുണയും ഏറെ പ്രതീക്ഷ നല്‍കുന്നു.
പുതിയ വാക്‌സിന്റെ പരീക്ഷണങ്ങളെ കുറിച്ച് ഓക്സ്ഫോഡ് സര്‍വ്വകലാശാലയിലെ പ്രൊഫസറായ സര്‍ ജോണ്‍ ബെല്‍ എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെട്ടത്. ഒരു മാസത്തിനകം മനുഷ്യരില്‍ കോവിഡിനെതിരായ വാക്സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് അറിയാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഓക്സ്ഫോഡ് ഗവേഷകസംഘത്തിന്റെ വാക്സിന്‍ വിജയിക്കാന്‍ സാധ്യതയേറെയാണെന്നും മേഖലയില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള സര്‍ ജോണ്‍ ബെല്‍ പറയുന്നു.
'ഓരോ ദിവസവും നമ്മള്‍ മുന്നേറുകയാണ്. ബ്രിട്ടനില്‍ നിന്നും മനുഷ്യരിലെ വാക്സിന്‍ പരിശോധനയുടെ സമയത്ത് കോവിഡ്19 രോഗം ഇല്ലാതായാല്‍ ലോകത്തിന്റെ കോവിഡ് സജീവമായുള്ള പ്രദേശങ്ങളിലേക്ക് പരീക്ഷണം മാറ്റും' എന്നാണ് ആത്മവിശ്വാസത്തോടെ സര്‍ ജോണ്‍ ബെല്‍ പറയുന്നത്.
സാധാരണ ഫ്‌ലൂവിനെ അപേക്ഷിച്ച് കോവിഡ്19 നുള്ള വ്യത്യാസങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഫ്‌ലൂ പോലെ അതിവേഗത്തിലല്ല കൊറോണ വൈറസിന്റെ മാറ്റം (മ്യൂട്ടേഷന്‍) നടക്കുന്നത്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് കൊറോണക്കെതിരെ പ്രതിരോധശേഷി കൈവരിക്കുക വെല്ലുവിളിയാണ്. അതുകൊണ്ട് നിശ്ചിത ഇടവേളകളില്‍ കോവിഡ് വാക്സിന്‍ എല്ലാവരും എടുക്കേണ്ടി വരുമെന്നും സര്‍ ജോണ്‍ ബെല്‍ പറഞ്ഞു.
കോവിഡിനെതിരെ ആന്റിബോഡികള്‍ സൃഷ്ടിക്കുന്നതില്‍ വാക്സിന്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ ഏതാണ്ട് ഉറപ്പാണ്. എന്നാല്‍, ഈ വാക്സിന്‍ പാര്‍ശ്വഫലങ്ങളില്ലാതെ സുരക്ഷിതമാക്കുന്നതിലാണ് ഗവേഷകസംഘം ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്.
https://www.facebook.com/Malayalivartha
























