ഇന്ത്യയും ചൈനയും തമ്മില്‍ സമൂഹമാധ്യമ 'യുദ്ധം' തുടങ്ങി ... ലഡാക്കിലെ പങോങ് സുയില്‍ ഇന്ത്യന്‍ സേന ചൈനീസ് കവചിത വാഹനത്തിന് കേടുപാട് വരുത്തുന്ന, തീയതി വ്യക്തമല്ലാത്ത വിഡിയോയാണ് കഴിഞ്ഞദിവസം ട്വിറ്ററിലെത്തിയത്

അതിര്‍ത്തിയില്‍ അടുത്തിടെ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുഭാഗത്തുമായി 11 സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. വടക്കന്‍ സിക്കിമിലെ നാകുല ചുരത്തിലാണ് ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനീസ് സൈനികര്‍ക്കുമാണ് പരിക്കേറ്റതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സൈനിക നടപടിക്രമങ്ങള്‍ പ്രകാരം നടത്തിയ സംഭാഷണത്തില്‍ പ്രശ്‌നം പരിഹരിച്ചു. ഇരുഭാഗത്തേയും 150ഓളം സൈനികരാണ് പരസ്പരം പോരടിച്ചത്.
ഇതേത്തുടര്‍ന്ന് ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. ഈ ഒരു അവസ്ഥയിലാണ് ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സേനകള്‍ തമ്മിലെ സംഘട്ടനത്തിന്റെതായി പുറത്തുവന്ന വിഡിയോയെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമൂഹമാധ്യമ 'യുദ്ധം'. ലഡാക്കിലെ പങോങ് സുയില്‍ ഇന്ത്യന്‍ സേന ചൈനീസ് കവചിത വാഹനത്തിന് കേടുപാട് വരുത്തുന്ന, തീയതി വ്യക്തമല്ലാത്ത വിഡിയോയാണ് കഴിഞ്ഞദിവസം ട്വിറ്ററിലെത്തിയത്. കല്ലും വടികളുമെടുത്തായിരുന്നു ആക്രമണം. തൊട്ടടുത്ത് ചോരയൊലിച്ച് വീണുകിടക്കുന്ന ഒരു ചൈനീസ് സൈനികനെ ഇന്ത്യന്‍ സൈനികന്‍ ആശ്വസിപ്പിക്കുന്നുണ്ട്.
വിഡിയോ പുറത്തെത്തിയ ഉടന്‍ ഇന്ത്യന്‍ സേന സംഭവം നിഷേധിച്ചെങ്കിലും പിന്നാലെ ഇന്ത്യക്കെതിരെ സമാന സ്വഭാവമുള്ള വിഡിയോകള്‍ പുറത്തുവിട്ട് ചൈന 'തിരിച്ചടി' തുടങ്ങി. അടികൊണ്ട് സാരമായി പരിക്കേറ്റ നിരവധി ഇന്ത്യന്‍ സൈനികരുടെ ചിത്രങ്ങളും വിഡിയോകളും ചൈനീസ് സേനയുമായി അടുപ്പമുള്ള ട്വിറ്റര്‍ അക്കൗണ്ടുകളില്‍നിന്ന് പുറത്തെത്തി. ചിലര്‍ വീണുകിടക്കുന്നതും മറ്റു ചിലര്‍ അബോധാവസ്ഥയിലായതും ചിത്രങ്ങളിലുണ്ട്. കൈകാലുകള്‍ കയര്‍കൊണ്ട് ബന്ധിച്ച നിലയിലാണ്. ചിത്രങ്ങളില്‍ കാണുന്ന നീല ബോട്ടില്‍നിന്ന് ഇത് പങോങ് സുയിലേതാണെന്ന് ഊഹിക്കാം. ചൈനീസ് വിഡിയോകള്‍ വ്യാപകമായി പാക് ട്വിറ്റര്‍ അക്കൗണ്ടുകളും ഏറ്റെടുത്തു.
ആധികാരികത ഉറപ്പാക്കാത്ത വിഡിയോയാണെന്നും ഇതിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ഇന്ത്യന്‍ സേന വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു. വിഡിയോ പുറത്തുവിടരുതെന്ന് മാധ്യമങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാഴ്ചയിലേറെയായി ലഡാക്കില്‍ ഇരു സേനകള്‍ക്കുമിടയില്‍ തുടരുന്ന സംഘര്‍ഷത്തിലെ അവസാനത്തെതാണ് ട്വിറ്റര്‍ 'യുദ്ധം'. പങോങ് സു, ഗാല്‍വന്‍ താഴ്വര, ഡെംചോക്, ദൗലത് ബാഗ് ഓള്‍ഡി തുടങ്ങിയ സ്ഥലങ്ങളില്‍ ഇരു സേനകളും തമ്മില്‍ മുഖാമുഖം നില്‍ക്കുകയാണ്. ഏതു സാഹചര്യവും നേരിടാന്‍ ഇരുവശത്തും കൂടുതല്‍ സേനകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.
2017ലെ ദോക് ലാം സംഘര്‍ഷത്തിനുശേഷം ഇരു സേനകള്‍ക്കുമിടയില്‍ വീണ്ടും സ്ഥിതി ഗുരുതരമായത് ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഇത് പതിവ് ഉരസലുകളല്ലെന്നും സ്ഥിതി ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ഗാല്‍വനിലും പങോങ് സുയിലും ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ചൈനീസ് സേന നിലയുറപ്പിച്ചതായി സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























