ഇന്ത്യ ചൈന സംഘര്‍ഷം ഇന്ന് അന്‍പതാം ദിനത്തിലേക്കു കടക്കുമ്പോള്‍, അതിര്‍ത്തിയില്‍ പ്രതിരോധക്കോട്ടയൊരുക്കി ഇന്ത്യന്‍ സേന... കരുത്ത് കാട്ടി ഇന്ത്യ, പിന്തിരിഞ്ഞ് ചൈന

ഇന്ത്യ ചൈന സംഘര്‍ഷം ഇന്ന് അന്‍പതാം ദിനത്തിലേക്കു കടക്കുമ്പോള്‍, അതിര്‍ത്തിയില്‍ പ്രതിരോധക്കോട്ടയൊരുക്കി ഇന്ത്യന്‍ സേന. 3488 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) കര വ്യോമസേനകളുടെ വന്‍ സന്നാഹമാണു സജ്ജമാക്കിയിരിക്കുന്നത്. മേയ് 5ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് മലനിരകളില്‍ ഇരു സേനകളും തമ്മിലുണ്ടായ സംഘട്ടനമാണു പിന്നീടു യുദ്ധസമാന സാഹചര്യത്തിലേക്കു വളര്‍ന്നത്.
കിഴക്കന്‍ ലഡാക്കില്‍ രക്തച്ചൊരിച്ചിലിനിടയാക്കിയ ചൈനീസ് ആക്രമണത്തിനെതിരെ ഇന്ത്യ സൈനിക, നയതന്ത്രതലങ്ങളില്‍ ശക്തമായ നിലപാടെടുത്തതിന് പിന്നാലെ, അതിര്‍ത്തിയിലെ എല്ലാ സംഘര്‍ഷമേഖലകളിലും നിന്ന് ഇരുപക്ഷവും സൈന്യത്തെ പിന്‍വലിക്കാന്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ നീണ്ട ഉന്നത കമാന്‍ഡര്‍മാരുടെ മാരത്തോണ്‍ ചര്‍ച്ചയില്‍ ധാരണയായി.
യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈനയുടെ സൈനിക സന്നാഹങ്ങള്‍ക്ക് മറുപടിയായി പോര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ വിന്യസിക്കുകയും തിരിച്ചടിക്കാന്‍ സൈന്യത്തിന് സര്‍വസ്വാതന്ത്ര്യം നല്‍കുകയും ചെയ്ത ശേഷമാണ് ഇന്ത്യ ചര്‍ച്ചയ്ക്കെത്തിയത്. ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്നും ,സേനാ പിന്മാറ്റത്തിന്റെ നടപടിക്രമങ്ങള്‍ ഇരുപക്ഷത്തിന്റെയും ഏകോപനത്തോടെ നടപ്പാക്കുമെന്നും കരസേന വ്യക്തമാക്കി. പിന്മാറ്റ വ്യവസ്ഥകള്‍ വെളിപ്പെടുത്തിയിട്ടില്ല. ലേയിലെ 14-ാം കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗും ദക്ഷിണ സിന്‍ചിയാംഗ് മിലിട്ടറി മേഖലാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയൂ ലിനും തമ്മില്‍ നടന്ന ചര്‍ച്ച പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ടു, തിങ്കളാഴ്ച രാവിലെ 11.30ന് തുടങ്ങിയ ചര്‍ച്ച രാത്രി 11.45നാണ് അവസാനിച്ചത്.
ജൂണ്‍ 15ന് ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് ഭടന്മാര്‍ ആക്രമിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച്.. സംഘര്‍ഷ മേഖലകളില്‍ നിന്നെല്ലാം ചൈനീസ് സൈന്യം പിന്മാറിയേ പറ്റൂ.. ജൂണ്‍ ആറിലെ ചര്‍ച്ചയിലെ ധാരണകള്‍ ഗാല്‍വന്‍ താഴ്വരയില്‍ ചൈന ലംഘിച്ചു. പട്രോള്‍ പോയിന്റ് 14,15, 17, പാങ്ഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരം, ചുഷൂള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ചൈനീസ് സേന പിന്മാറി തല്‍സ്ഥിതി പുനഃസ്ഥാപിക്കണം. 3500 കിലോമീറ്റര്‍ അതിര്‍ത്തിയിലാകെയും, നിയന്ത്രണ രേഖയിലെ പിന്‍ താവളങ്ങളിലെയും സൈനികരുടെ എണ്ണം കുറയ്ക്കണം.
കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറില്‍ ചൈനീസ് ഭാഗത്തെ മോള്‍ഡോയിലായിരുന്നു ചര്‍ച്ച. ചൈനീസ് സൈന്യം ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ചര്‍ച്ചയെന്ന് റിപ്പോര്‍ട്ടുണ്ട്.
ജൂണ്‍ 6ന് ലഫ്റ്റനന്റ് ജനറല്‍ തലത്തിലുള്ള ചര്‍ച്ചയും ചൈനീസ് ആവശ്യപ്രകാരമായിരുന്നു. സേനാപിന്മാറ്റം ഉള്‍പ്പെടെ ആ ചര്‍ച്ചയിലെ ധാരണകള്‍ 15ന് ചൈന ലംഘിച്ചു. ഇന്ത്യന്‍ പ്രദേശത്തേക്ക് കയറി വന്‍ സൈനിക സന്നാഹമൊരുക്കി . അതിന് മറുപടിയായി ഇന്ത്യ പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടെ വിന്യസിക്കുകയും തോക്കെടുത്ത് തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യവും നല്‍കുകയും ചെയ്തു. 15ന് ശേഷം മേജര്‍ ജനറല്‍ തലത്തില്‍ നടന്ന മൂന്ന് ചര്‍ച്ചകളും വിഫലമായിരുന്നു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കരസേനാ മേധാവി ജനറല്‍ എം.എം. നാരാവനെ ലഡാക്കിലെത്തി. ലേയിലെ സേനാ ക്യാമ്ബില്‍ ഉയര്‍ന്ന ഓഫീസര്‍മാരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ചൈനീസ് ആക്രമണത്തില്‍ പരിക്കേറ്റ് ലേയിലെ സൈനിക ക്യാമ്ബില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെയും സന്ദര്‍ശിച്ചു. 76 സൈനികര്‍ക്കാണ് പരിക്കേറ്റത്.
ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ സേനയെ ചൈന ആക്രമിച്ചത് ആസൂത്രിതമാണെന്നതിന്റെ തെളിവുകള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് പുറത്തുവിട്ടു. ചൈനയുടെ പടിഞ്ഞാറന്‍ തിയേറ്റര്‍ കമാന്‍ഡ് മേധാവി ജനറല്‍ ഷാവോ സോന്‍ക്വി അടക്കമുള്ളവരുടെ അനുമതിയോടെയാണ് മാരകായുധങ്ങളുമായി കേണല്‍ സന്തോഷ് ബാബുവിനെയും കൂട്ടരെയും ആക്രമിച്ചതെന്നാണ് വിവരം. അമേരിക്കയ്ക്കും കൂട്ടാളികള്‍ക്കും ആഘോഷിക്കാന്‍ സാഹചര്യമുണ്ടാകരുതെന്നും ,ഇന്ത്യയെ പാഠം പഠിപ്പിക്കണമെന്നും ഇദ്ദേഹം നിര്‍ദ്ദേശിച്ചത്രേ.
അതിര്‍ത്തിക്കു സമീപമുള്ള ഷിന്‍ജിയാങ്ങിലും ടിബറ്റിലും എല്ലാ വര്‍ഷവും നടത്താറുള്ള സൈനികാഭ്യാസങ്ങളുടെ മറവിലായിരുന്നു ചൈനയുടെ പടയൊരുക്കം. ജനുവരി മാര്‍ച്ച് മാസങ്ങളില്‍ 3 സൈനികാഭ്യാസങ്ങളാണു ചൈന നടത്തിയത്. പതിവ് അഭ്യാസങ്ങളായതിനാല്‍ ഇന്ത്യ സംശയിച്ചില്ല.
എന്നാല്‍, അഭ്യാസത്തിനു ശേഷവും സൈന്യത്തെ അവിടെ നിലനിര്‍ത്തി. പടിപടിയായി അവരെ അതിര്‍ത്തിയിലേക്കു നീക്കി. 2 ഡിവിഷന്‍ പട്ടാളക്കാരെയാണ് ഇതിനായി ഉപയോഗിച്ചത്. പതിവ് പട്രോളിങ്ങിന്റെ ഭാഗമായി ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ്, പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള നാലാം മലനിര എന്നിവിടങ്ങളിലെത്തിയ സൈനികര്‍ അവിടെ നിലയുറപ്പിച്ചു. അതിര്‍ത്തിയില്‍ തുടരുന്നതു കരാറുകളുടെ ലംഘനമാണെന്നും മടങ്ങിപ്പോകണമെന്നുമുള്ള ഇന്ത്യന്‍ സേനയുടെ ആവശ്യം അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha

























