ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കടന്നു; രോഗമുക്തി നിരക്കും വര്‍ധിക്കുന്നു

വിവിധ സംസ്ഥാനങ്ങളിലെ പുതിയ കോവിഡ് കണക്കുകള്‍ കൂടി പുറത്തുവന്നതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 5,024 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 175 രോഗികള്‍ മരിച്ചു. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,52,765 ആയി. ഇതില്‍ 65,829 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 7106.
വെള്ളിയാഴ്ച തമിഴ്‌നാട്ടിലും ബംഗാളിലും ഏറ്റവും വലിയ പ്രതിദിന കണക്കാണ് റിപ്പോര്‍ട്ട് ചെയ്ത്. തമിഴ്‌നാട്ടില്‍ ഒറ്റദിവസം 3509 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 1956 പുതിയ കോവിഡ് കേസുകള്‍. സംസ്ഥാനത്താകെ 70,977 രോഗികള്‍. 45 പേര്‍ കൂടി മരിച്ചതോടെ ആകെ രോഗികള്‍ 911 ആയി. ബംഗാളില്‍ 542- പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ആകെ രോഗികള്‍ 16,190. ഡല്‍ഹിയില്‍ വെള്ളിയാഴ്ച 3460 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതുവരെ 47,091 പേര്‍ രോഗമുക്തരായി. 63 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 2492 ആയി.
കേരളത്തില്‍ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 150 പേരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2006 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 407 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,940 പേര്‍ക്കു രോഗം ഭേദമായി. ഇതുവരെ 2,85,636 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 58.24 ശതമാനമായി വര്‍ധിച്ചു. നിലവില്‍ 1,89,463 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളതെന്നും വെള്ളിയാഴ്ച രാവിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha

























