ഭാര്യയ്ക്ക് കൊവിഡ്; സ്രവം പരിശോധനയ്ക്ക് അയച്ചത് വീട്ടുജോലിക്കാരിയുടെതെന്ന പേരിൽ ; ഡോക്ടർക്കെതിരെ കേസ്; സമ്പർക്കത്തെ തുടർന്ന് ഒരു സബ്-ഡിവിഷണൽ മജിസ്ട്രേറ്റുൾപ്പെടെ 33 സർക്കാരുദ്യോഗസ്ഥർ ക്വാറന്റൈനിൽ

കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഭാര്യയുടെ സ്രവസാംപിൾ ജോലിക്കാരിയുടേതെന്ന് രേഖപ്പെടുത്തി പരിശോധനയ്ക്കയച്ച ഡോക്ടർക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സിംഗ്രോളിയിലെ സർക്കാർ ഡോക്ടർ അഭയ് രഞ്ജൻ സിങ്ങിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
. മധ്യപ്രദേശ് സ്വദേശിയായ ഡോക്ടറും കുടുംബവും കഴിഞ്ഞ മാസം വിവാഹത്തിൽ പങ്കെടുത്തിരുന്നു. സർക്കാർ ഡോക്ടറായ ഇദ്ദേഹം അനുമതിയില്ലാതെയാണ് ലീവെടുത്തത്. പിന്നീട് ഭാര്യയ്ക്ക് കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമായി. അതിനെ തുടർന്ന് ഭാര്യയുടേതെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
അനുമതിയില്ലാതെ ലീവെടുത്ത് വിവാഹത്തിൽ പങ്കെടുത്ത കാര്യം അധികൃതരിൽ നിന്ന് മറച്ചുവയ്ക്കാൻ വേണ്ടിയായിരുന്നു ഇപ്രകാരം ചെയ്തത്. ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സിംഗ്രോലിയിലെ ഖുത്തർ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ അഭയ് രജ്ഞൻ സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കിഴക്കൻ യുപിയിലെ ബെല്ലിയയിലാണ് ഇദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ പോയത്. ജൂൺ 23 ന് പോയ ഇദ്ദേഹം ജൂലൈ 1 ന് തിരികെയെത്തി.
എന്നാൽ തിരികെയെത്തിയതിന് ശേഷം ക്വാറന്റീനിൽ കഴിയാൻ കൂട്ടാക്കാതെ ഡ്യൂട്ടി തുടരുകയാണ് ചെയ്തത്. പിന്നീട് ഭാര്യയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായപ്പോഴാണ് വീട്ടുജോലിക്കാരിയുടെ പേരിൽ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഫലം പോസിറ്റീവായതിനെ തുടർന്ന് അധികൃതർ ജോലിക്കാരിയുടെ വീട്ടിൽ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ ഡോക്ടറുൾപ്പെടെയുള്ളവർ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
പകർച്ചവ്യാധി ദുരന്ത നിവാരണ നിയമപ്രകാരമാണ് ഡോക്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊവിഡ് ചികിത്സ പൂർത്തിയാക്കിയാലുടൻ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് ബൈധാൻ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അരുൺ പാണ്ഡെ വ്യക്തമാക്കി.
ഡോക്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും കോവിഡ് ഭേദമായി മടങ്ങിയെത്തിയാലുടനെ എപിഡെമിക് ആക്ട് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് ആനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ബൈദാൻ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് അരുൺ പാണ്ഡെ അറിയിച്ചു. ഡോക്ടറുമായി സമ്പർക്കമുണ്ടായ ഒരു സബ്-ഡിവിഷണൽ മജിസ്ട്രേറ്റുൾപ്പെടെ 33 സർക്കാരുദ്യോഗസ്ഥർ ഇപ്പോൾ ക്വാറന്റീനിലാണ്. ഇവരുടെ സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha