എന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിട്ടാവാം ആര്‍ക്കും തന്നെ ഇഷ്ടമല്ലാത്തത്.. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ എന്ന ആശങ്ക; ചങ്ക് പൊട്ടി ട്രംപ്!

കോവിഡ് പ്രതിരോധത്തിന് മാസ്‌ക് നിര്‍ബന്ധമല്ലെന്ന തരത്തിലുള്ള സന്ദേശം പ്രചരിപ്പിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് രൂക്ഷവിമര്‍ശനം. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഡോ.ആന്റണി ഫൗച്ചിയാണ് ട്രംപിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ട്രംപിന്റെ പ്രവൃത്തി ആര്‍ക്കെങ്കിലും സഹായകരമാകുമെന്ന് താന്‍ കരുതുന്നില്ലെന്ന് ഫൗച്ചി പറഞ്ഞു. അതേസമയം, അത്തരമൊരു വീഡിയോ ട്രംപ് ഷെയര്‍ ചെയ്തതോടെ ആളുകള്‍ ശരിയേത് തെറ്റേത് എന്ന ആശയക്കുഴപ്പത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധനത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഏറെ ഫലപ്രദമാണെന്ന് ചൂണ്ടിക്കാട്ടി ഒരുപറ്റം ഡോക്ടര്‍മാര്‍ ചെയ്ത വീഡിയോ ആണ് ട്രംപ് ഷെയര്‍ ചെയ്തത്.
എന്നാല്‍, ഈ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്തു. പക്ഷേ, നീക്കം ചെയ്യുന്നതിന് മുന്നേ ഈ വീഡിയോ 17 മില്യണ്‍ ആളുകളിലേക്ക് എത്തപ്പെട്ടിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് പ്രതിരോധത്തിന് സഹായകരമാണെന്നും മാസ്‌ക് നിര്‍ബന്ധമല്ലെന്നുമെല്ലാം വീഡിയോയില്‍ പറഞ്ഞിരുന്നു. ആരോഗ്യരംഗമൊന്നാകെയും ലോകാരോഗ്യ സംഘടനയും കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപ് വീഡിയോ ഷെയര്‍ ചെയ്തത്.
അതേസമയം പകര്‍ച്ചവ്യാധി വിദഗ്ധന്‍ ആന്തണി ഫൗചിക്കു കൂടുതല്‍ അംഗീകാരം ലഭിക്കുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. 'എന്നെ ആര്‍ക്കും ഇഷ്ടമല്ല' എന്ന് ട്രംപ് പറഞ്ഞു. തന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിട്ടാവാം ആര്‍ക്കും തന്നെ ഇഷ്ടമല്ലാത്തത് എന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
വാര്‍ത്താസമ്മേളനത്തിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഭരണകൂടത്തിന്റെ ഭാഗമായി കോവിഡ് നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന പകര്ച്ചവ്യാധി വിദഗ്ധനാണ് ആന്തണി ഫൗചി.
മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനു മരുന്നായി ഉപയോഗിക്കുന്നതിനെ പിന്തുണച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് ഫൗചിയെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചത്. ട്രംപ് പിന്തുണച്ചിരുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗത്തെ ഫൗചി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു. അടിയന്തരഘട്ടത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്ന അനുമതി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇതെല്ലാം ട്രംപിനെ വിഷമത്തിലാക്കി. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫൗചി മാത്രമല്ല താനും തന്റെയൊപ്പം പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും പ്രശംസ അര്‍ഹിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. 'എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആള്‍ക്കു മാത്രം പ്രശംസ. മറ്റാര്‍ക്കുമില്ല. അത് തന്നെ ആര്‍ക്കും ഇഷ്ടമല്ലാത്തതുകൊണ്ടാകാം' എന്നും ട്രംപ് പരിഭവം പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചൈനയില്‍നിന്നുള്ള യാത്രാ നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നാണ് ഫൗചി ഉപദേശിച്ചതെന്നും അതു തെറ്റായിരുന്നുവെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. നവംബര്‍ മൂന്നിനു നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനോടു പരാജയപ്പെടുമോ എന്ന് ട്രംപിന് ആശങ്കയുണ്ട്.
https://www.facebook.com/Malayalivartha























