പപ്പടം കഴിച്ചാൽ കോവിഡിനെ ചെറുക്കാമെന്ന് പ്രചാരണം നടത്തിയ കേന്ദ്രമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
പപ്പടം കഴിച്ചാൽ കോവിഡിനെ ചെറുക്കാമെന്ന് പ്രചാരണം നടത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
'ഭാഭിജി കി പപ്പഡ്' എന്ന ബ്രാൻഡ് പപ്പടം കോവിഡിനെയും മറ്റും ചെറുക്കാനുള്ള പ്രതിരോധ ശേഷി നൽകുമെന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം. ആത്മനിർഭർ ഭാരതിൻെറ ഭാഗമായി നിർമിച്ച ഈ പപ്പടം കൊറോണ വൈറസിനെതിരായ ആൻറിബോഡി ശരീരത്തിലുൽപാദിപ്പിക്കുമെന്ന അവകാശവാദവുമായി മന്ത്രി വിഡിയോ പുറത്തിറക്കുകയായിരുന്നു.
കേന്ദ്ര മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്നുതന്നെ കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ ജോധ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ബാധിച്ച് ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് ആഗസ്റ്റ് നാലിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha