ഗ്രാമത്തലവന് കൊല്ലപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ സംഘടിച്ച് ആക്രമണം; ഒരു കുട്ടി മരിച്ചു; പോലീസ് വാഹനങ്ങളും പോലീസ് പോസ്റ്റും അഗ്നിക്കിരയാക്കി

ഗ്രാമത്തലവന് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കലാപത്തിൽ അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങളും പോലീസ് പോസ്റ്റും അഗ്നിക്കിരയാക്കി. യുപിയിലെ ആസംഗഡ് ജില്ലയിലാണ് സംഭവം.
അതേസമയം അക്രമത്തിൽ ഒരു കുട്ടി മരിച്ചതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമത്തലവനായ പപ്പു റാമാണ് കൊല്ലപ്പെട്ടത്. പപ്പു റാമിന്റെ വീട്ടിലെത്തിയ അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചാണ് കൊലപ്പെടുത്തിയത്. പപ്പു റാം സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. കൃത്യത്തിനു ശേഷം അക്രമികള്‍ തന്നെയാണ് കൊലപാതകത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിച്ചത്.
പപ്പു റാമിന്റെ മരണത്തെക്കുറിച്ച് അറിഞ്ഞ് അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങളും പോലീസ് പോസ്റ്റും അഗ്നിക്കിരയാക്കി. മുതിര്‍ന്ന പോലീസുകാരുടെയും ജില്ലാ ഉദ്യോഗസ്ഥരുടെയും സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ എന്‍എസ്എ, ഗ്യാംഗ്സ്റ്റര്‍ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഗ്രാമത്തലവന്റെ കുടുംബത്തിനും അക്രമത്തിനിടെ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനും അദ്ദേഹം ഉത്തരവിട്ടു.
https://www.facebook.com/Malayalivartha
























