ദേശീയ ആരോഗ്യ അതോറിറ്റിയുടെ ചുമതലയില്‍ പുതിയ ആരോഗ്യ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് വരുന്നു

ദേശീയ ആരോഗ്യ അതോറിറ്റിയുടെ ചുമതലയില്‍, മറ്റ് ആരോഗ്യ, ചികിത്സാ ആനുകൂല്യങ്ങളോ ഇന്‍ഷുറന്‍സോ ഇല്ലാത്തവര്‍ക്കായി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു. ഇടത്തരക്കാരെയാണു ലക്ഷ്യമിടുന്നത്. ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ആയുഷ്മാന്‍ ഭാരത്പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (പിഎംജെഎവൈ) ക്കു സമാനരീതിയിലാകും പ്രവര്‍ത്തനം. ഇതിന്റെ അടിസ്ഥാന സൗകര്യങ്ങളും ആശുപത്രി ശൃംഖലയും പ്രയോജനപ്പെടുത്തും.
കോവിഡ് അനന്തര കാലത്തു ജോലി നഷ്ടപ്പെടുന്നവര്‍, പലതരം കൂട്ടായ്മകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങി ഏതുതരം ഗ്രൂപ്പും ആകാം. മറ്റ് പദ്ധതികളില്‍ ചേരരുതെന്നു മാത്രം.
ഓരോരുത്തരും 500 രൂപയില്‍ താഴെ പ്രീമിയം അടച്ച്, ഗ്രൂപ്പിനൊന്നാകെ പരമാവധി 5 ലക്ഷം രൂപ വരെ പരിരക്ഷ ഉറപ്പാക്കും വിധമാകും ഇന്‍ഷുറന്‍സ്. സര്‍ക്കാരിന്റെ നിക്ഷേപമുണ്ടാകില്ല. പ്രീമിയവും പരിരക്ഷയും ഇന്‍ഷുറന്‍സ് കമ്പനികളുടെ ചുമതലയാകും. 3 വര്‍ഷത്തേക്കു പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയുടെ നടപടികള്‍ക്കു ദേശീയ ആരോഗ്യ അതോറിറ്റി തുടക്കമിട്ടു. നിലവില്‍ 6 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ മാത്രമാണു പദ്ധതിക്കു തുടക്കം. ഇതു വിലയിരുത്തിയശേഷം പോരായ്മകള്‍ പരിഹരിച്ചാവും സംസ്ഥാനങ്ങളില്‍ നടപ്പാക്കുക.
ആധാര്‍ മാതൃകയില്‍ സര്‍ക്കാര്‍ തയാറാക്കുന്ന ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനത്തിന് വ്യക്തികളുടെ സമ്പൂര്‍ണ ആരോഗ്യവിവരം സൂക്ഷിക്കാന്‍ 14 അക്ക നമ്പര്‍. ഇത് ഓര്‍ത്തുവയ്ക്കാന്‍ ബുദ്ധിമുട്ടാകുമെന്നതിനാല്‍ അക്കൗണ്ട് തുറക്കുമ്പോള്‍ പാസ്‌വേഡിനൊപ്പം എളുപ്പമുള്ളൊരു പേര് യൂസര്‍ നെയിമായി ഉപയോഗിക്കാന്‍ സൗകര്യമുണ്ടാവും.
ആധാര്‍ നമ്പറോ മൊബൈല്‍ നമ്പറോ നല്‍കിയാണു തിരിച്ചറിയല്‍ നമ്പറും അക്കൗണ്ടും സ്വന്തമാക്കേണ്ടത്. ഭാവിയില്‍ സര്‍ക്കാരിന്റെ മുഴുവന്‍ ആരോഗ്യപരിപാടികളും ഇതിലൂടെയാകും.
കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം പദ്ധതിയില്‍ വ്യക്തികള്‍ക്ക് ആരോഗ്യ ഐഡി, അംഗീകൃത ഡോക്ടര്‍മാരുടെ വിവരങ്ങളടങ്ങിയ ഡിജിഡോക്ടര്‍, ആശുപത്രികളുടെയും ചികിത്സാ സംവിധാനങ്ങളുടെയും വിവരങ്ങളടങ്ങിയ റജിസ്ട്രി, ഓരോ ആളിന്റെയും സ്വന്തം ആരോഗ്യ-ചികിത്സാ വിവരങ്ങള്‍ , ഇ-ഫാര്‍മസി, ടെലിമെഡിസിന്‍ എന്നിവയ്ക്കാണു സൗകര്യം.
https://www.facebook.com/Malayalivartha


























