റായ്പുരില്‍ 11 വയസ്സുകാരി സഹോദരിയെ വെട്ടിക്കൊന്ന കേസില്‍ ചേച്ചിയും കാമുകനും അറസ്റ്റില്‍
ഛത്തീസ്ഗഢിലെ കോര്‍ബയില്‍ 11 വയസ്സുകാരിയെ വെട്ടിക്കൊന്ന കേസില്‍ ചേച്ചിയും കാമുകനും അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹോദരിയെ വെട്ടിക്കൊന്നു എന്നായിരുന്നു 16-കാരിയുടെ മൊഴി. ഇവരുടെ മാതാപിതാക്കള്‍ വെള്ളിയാഴ്ച തൊട്ടടുത്ത ഗ്രാമത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ സഹോദരിമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സഹോദരിയോട് മൊബൈല്‍ ഫോണ്‍ തിരികെ നല്കാന് ആവശ്യപ്പെട്ടിട്ട് കൂട്ടാക്കിയില്ലെന്നും ഇതോടെ ദേഷ്യം വന്ന താന്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി എന്നുമായിരുന്നു പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. കുറ്റം സ്വയം ഏറ്റുപറഞ്ഞെങ്കിലും 16-കാരിയുടെ മൊഴിയില്‍ പോലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. എന്നാല്‍ പല തവണ ചോദ്യംചെയ്തിട്ടും താന്‍ തന്നെയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടി ആവര്‍ത്തിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് ഫോണ്‍ കോള്‍ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്തത് ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, വീടിന് മുന്‍വശത്ത് ബൈക്കിന്റെ ടയറിന്റെ അടയാളങ്ങള്‍ കണ്ടതും സംശയത്തിനിടയാക്കി. ഇതിനിടെ, പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ വിശദമായി പരിശോധിച്ച് ഫോണിലെ വിവരങ്ങള്‍ വീണ്ടെടുത്തു. ഒരു നമ്പറില്‍നിന്ന് തുടര്‍ച്ചയായി കോളുകള്‍ വന്നത് സൈബര്‍ സെല്‍ പരിശോധിച്ചു. പ്രദേശവാസിയായ വിനയ് ജഗതിന്റെ പേരിലാണ് ഈ നമ്പറെന്ന് തിരിച്ചറിഞ്ഞു.
എന്നാല്‍ തുടക്കത്തില്‍ പോലീസിന്റെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറിയ യുവാവ് കൂടുതല്‍ തെളിവുകള്‍ നിരത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീടിന്റെ സമീപത്ത് ഇയാള്‍ പോയതും ഫോണ്‍ കോള്‍ വിവരങ്ങളും സന്ദേശങ്ങളും പോലീസ് വെളിപ്പെടുത്തിയതോടെയാണ് യുവാവ് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞത്.
വെള്ളിയാഴ്ച രാത്രി മാതാപിതാക്കള്‍ വീട്ടിലില്ലാത്തതിനാല്‍ 16-കാരി തന്നെയാണ് കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ കാമുകനൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ സഹോദരിയായ 11 വയസ്സുകാരി കണ്ടു. ഇതോടെയാണ് പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് സഹോദരിയെ കൊലപ്പെടുത്തിയത്. ആദ്യം തലയണ കൊണ്ട് ശ്വാസംമുട്ടിച്ച ശേഷം കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ കൊലപാതകത്തിന് പുറമേ പോക്സോ, ബാലനീതി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha