മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖവുമായ പ്രണബ് മുഖര്‍ജി ഇനി ദീപ്തമായ ഓര്‍മ്മ... അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയില്‍ എത്തുകയും ചെയ്ത പ്രണബ് മുഖര്‍ജിയുടെ അന്ത്യം ഇന്നലെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു, സംസ്‌കാരം ഇന്ന് നടക്കും, രാജ്യത്ത് ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖവുമായ പ്രണബ് മുഖര്‍ജി ഇനി ദീപ്തമായ ഓര്‍മ്മ. അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയില്‍ എത്തുകയും ചെയ്ത പ്രണബ് മുഖര്‍ജി(85)യുടെ അന്ത്യം തിങ്കളാഴ്ച വൈകിട്ടോടെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു. മകന്‍ അഭിജിത് മുഖര്‍ജിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ നടന്ന പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച നടക്കും. രാജ്യത്ത് ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ ആറ് വരെയാണ് ദുഃഖാചരണം. ഈ കാലത്ത് രാജ്യത്തെങ്ങും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും.2019ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി പ്രണബ് മുഖര്‍ജിയെ രാജ്യം ആദരിച്ചിരുന്നു.രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചായിരുന്നു ബഹുമതി നല്‍കിയത്.
പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ '17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന കമഡ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായി 1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയിലാണ്
പ്രണബ് മുഖര്‍ജിയുടെ ജനനം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ ബ്രിട്ടീഷുകാര്‍ തടവിലാക്കിയ വ്യക്തിയാണ് കിങ്കര്‍ മുഖര്‍ജി.സുരി വിദ്യാസാഗര്‍ കോളേജില്‍നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും എം.എ. ബിരുദം നേടിയ പ്രണബ് കല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന്എല്‍.എല്‍.ബി.യും കരസ്ഥമാക്കി. കൊല്‍ക്കത്തയിലെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ (പോസ്റ്റ് ആന്‍ഡ് ടെലിഗ്രാം) ക്ലര്‍ക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ബംഗാളി പ്രസിദ്ധീകരണമായ 'ദേശേര്‍ ഡാക്' ല്‍ പത്രപ്രവര്‍ത്തകനായും പിന്നീട് അഭിഭാഷകനായും തൊഴില്‍ ചെയ്ത ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1969ലെ തിരഞ്ഞെടുപ്പില്‍ വി.കെ.കൃഷ്ണമേനോന്റെ ഇലക്ഷന്‍ ഏജന്റായി പ്രണബ് പ്രവര്‍ത്തിച്ചിരുന്നു. പ്രണവിന്റെ പ്രവര്‍ത്തന മികവ് ശ്രദ്ധയില്‍ പെട്ട ഇന്ദിരാഗാന്ധിയാണ് അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. വളരെ വേഗത്തില്‍ തന്നെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി പ്രണബ്.
1969ല്‍ രാജ്യസഭാംഗമായ പ്രണബ് 73ല്‍ ഇന്ദിരാസര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായസഹമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തനായതിനാല്‍ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു പ്രണബും. പിന്നീട് 1995ല്‍ നരസിംഹറാവു മന്ത്രിസഭയിലാണ് വിദേശകാര്യമന്ത്രിയായി പ്രണബ് എത്തുന്നത്.കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ഗാന്ധികുടുംബത്തിന്റെ കൈകളില്‍ സുരക്ഷിതമാക്കി, പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് 1998ല്‍ സോണിയയെ ഉയര്‍ത്തിയതിന് പിറകില്‍ ചരടുവലിച്ചത് പ്രണബ് മുഖര്‍ജിയായിരുന്നു.
2004ല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന പ്രണബ് രാഷ്ട്രപതിയാകുന്നതിന് വേണ്ടിയാണ് മന്ത്രിപദം രാജിവെച്ചത്. 1997ല്‍ മികച്ച പാര്‍ലമെന്റേറിയന്‍ പുരസ്‌കാരം നേടി. പദ്മവിഭൂഷണും കരസ്ഥമാക്കിയുണ്ട്.
https://www.facebook.com/Malayalivartha

























