രാജ്യത്തെ പ്രഥമ വനിതാ കാര്‍ഡിയോളജിസ്റ്റും ആദ്യ കാര്‍ഡിയാ ക് ക്ലിനിക് സ്ഥാപകയുമായ ഡോ. എസ്. പത്മാവതി അന്തരിച്ചു

നാഷനല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, ഓള്‍ ഇന്ത്യ ഹാര്‍ട്ട് ഫൗണ്ടേഷന്‍ എന്നിവയ്ക്കു തുടക്കം കുറിച്ച ഡോ. എസ്. പത്മാവതി (103) അന്തരിച്ചു. രാജ്യത്തെ ആദ്യ കാര്‍ഡിയാക് ക്ലിനിക് സ്ഥാപിക്കുകയും കാര്‍ഡിയോളജി പ്രത്യേക പഠനചികിത്സാ വിഭാഗമാക്കുകയും ചെയ്ത പത്മാവതി, ആറര പതിറ്റാണ്ടിലേറെ ഹൃദ്രോഗ ചികിത്സാ, ഗവേഷണ മേഖലകളില്‍ സജീവമായിരുന്നു. രാജ്യത്തെ പ്രഥമ വനിതാ കാര്‍ഡിയോളജിസ്റ്റ് കൂടിയാണ്. രാജ്യം പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
കോയമ്പത്തൂരില്‍ നിന്നു മ്യാന്‍മറിലേക്കു കുടിയേറിയ അഡ്വ. വി.എസ്. അയ്യരുടേയും ലക്ഷ്മിയമ്മാളിന്റേയും മകളായി 1917-ല്‍ ആയിരുന്നു ജനനം. യാങ്കൂണ്‍ മെഡിക്കല്‍ കോളജിലായിരുന്നു എംബിബിഎസ് പഠനം.ലണ്ടനില്‍ ഉന്നതപഠനം. ലോകം കണ്ട ഏറ്റവും മികച്ച ഹൃദ്രോഗചികിത്സാവിദഗ്ധരായ ഡോ. ഹെലന്‍ ടോസിഗ്, ഡോ. പോള്‍ ഡഡ്ലി വൈറ്റ് എന്നിവര്‍ക്കു കീഴില്‍ പരിശീലനത്തിനുള്ള അപൂര്‍വാവസരം ലഭിച്ചു. രണ്ടാം ലോകയുദ്ധ കാലത്ത് കുടുംബം ഇന്ത്യയിലേക്കു മടങ്ങി.
1953-ല്‍ ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജിലാണു സേവനം തുടങ്ങിയത്. ഇവിടെ രാജ്യത്തെ ആദ്യ കാര്‍ഡിയാക് ക്ലിനിക് തുടങ്ങി. മൗലാനാ ആസാദ് മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പലും ഡയറക്ടറുമായി. ജി.ബി.പന്ത് ആശുപത്രിയില്‍ 1964-ല്‍ രാജ്യത്തെ ആദ്യ കാര്‍ഡിയോളജി പഠന-ചികിത്സാ വിഭാഗം തുടങ്ങി. ഓള്‍ ഇന്ത്യ ഹാര്‍ട്ട് ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റായി. വൈദ്യശാസ്ത്ര രംഗത്തെ ഒട്ടേറെ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം ഒട്ടേറെ ഹൃദ്രോഗ ക്യാംപുകളും ബോധവല്‍ക്കരണ പരിപാടികളും നടത്തി. 1981-ല്‍ നാഷനല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിനു തുടക്കം കുറിച്ചു. കാര്‍ഡിയോളജിയുമായി ബന്ധപ്പെട്ട് മുന്നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ലോകമെങ്ങും ശിഷ്യരുണ്ട്. അവിവാഹിതയാണ്.
https://www.facebook.com/Malayalivartha

























