രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കാന്‍ സൈന്യത്തിനും രാജ്യത്തിന്റെ നേതൃത്വത്തിനും കഴിവുണ്ടെന്നും ഇന്ത്യയുടെ ഒരുതുണ്ടു ഭൂമിയും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കാന്‍ സൈന്യത്തിനും രാജ്യത്തിന്റെ നേതൃത്വത്തിനും കഴിവുണ്ടെന്നും ഇന്ത്യയുടെ ഒരുതുണ്ടു ഭൂമിയും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ യുദ്ധത്തിന് തയ്യാറാവാന്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് സൈന്യത്തോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അമിത്ഷായുടെ പരാമര്‍ശം.
അതിര്‍ത്തിപ്രശ്‌നം പരിഹരിക്കാന്‍ സൈനിക തലത്തിലും നയതന്ത്രലത്തിലും സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ രാജ്യങ്ങളും ജനതയും യുദ്ധത്തിന് എപ്പോഴും സജ്ജമാണ്. ഏതുതരത്തിലുളള ആക്രമണത്തോടും പ്രതികരിക്കുന്നതിനുവേണ്ടിയാണ് രാജ്യങ്ങള്‍ സൈന്യത്തെ പരിപാലിക്കുന്നത്.
ഇന്ത്യയുടെ പ്രതിരോധ സേന എല്ലായ്‌പ്പോഴും തയ്യാറാണ്. ഏതെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമര്‍ശിച്ചല്ല ഞാന്‍ ഇങ്ങനെ പറയുന്നത്'- അമിത്ഷാ വ്യക്തമാക്കി. അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയിലെയും ചൈനയിലെയും സൈനികര്‍ പരസ്പരം സംസാരിക്കുന്നുണ്ടെന്നും ഇതിനൊപ്പം നയതന്ത്രമാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 13നായിരുന്നു ഇന്ത്യ, ചൈന നയതന്ത്ര ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും തമ്മില്‍ ഏഴാം റൗണ്ട് ചര്‍ച്ച നടന്നത്. 12 മണിക്കൂറിലധികമാണ് ചര്‍ച്ച നീണ്ടത്.
നേരത്തേ അതിര്‍ത്തിയില്‍ കന്നുകയറാനുളള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം വിഫലമാക്കിയിരുന്നു. അതിര്‍ത്തിയില്‍ ആവശ്യമെങ്കില്‍ തോക്കുപയോഗിക്കാനും സൈന്യത്തിന് അനുവാദം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























