തമിഴ്‌നാട്ടില്‍ രജനീകാന്തിനെ ഒപ്പം നിര്‍ത്താനുള്ള ബി.ജെ.പി ശ്രമം പാളി;ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്
തമിഴ്‌നാട്ടില്‍ രജനീകാന്തിനെ ഒപ്പം നിര്‍ത്താനുള്ള ബി.ജെ.പി ശ്രമം പാളി. ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പ്രതീക്ഷയോടെ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങി.എസ്.ഗുരുമൂര്‍ത്തി വഴിയായിരുന്നു അമിത് ഷാ രജനീകാന്തിനെ സമീപിച്ചത്. നടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു. എന്നാല്‍ സജീവരാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ലെന്ന് നടന്‍ തന്നെ അറിയിച്ചതോടെ ഈ ചര്‍ച്ചകള്‍ക്ക് വിരാമമായിരിക്കുകയാണ്.
തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് കുടുംബത്തിന് വലിയ യോജിപ്പില്ലെന്നും രജനീകാന്ത് അറിയിച്ചു. എന്നെങ്കിലും തീരുമാനത്തില്‍ മാറ്റം വരുകയാണെങ്കില്‍ അന്ന് കൂടിയാലോചന നടത്താമെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.
രജനീകാന്തിനെ ഒപ്പം നിര്‍ത്തികൊണ്ട് പുതിയ രാഷ്ട്രീയ സഖ്യവും തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് പുതിയ ചരിത്രം സൃഷ്ടിക്കലുമായിരുന്നു ബി.ജെ.പി കേന്ദ്രങ്ങളുടെ പ്രതീക്ഷ.കരുണാനിധിയുടെ മകന്‍ എം.അളഗിരിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അളഗിരിയുടെ വിശ്വസ്തനായ കെ.പി രാമലിംഗം ബി.ജെ.പി അംഗത്വം സ്വീകരിച്ചതല്ലാതെ അവിടെയും കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ബി.ജെ.പിക്കായിട്ടില്ല.അളഗിരിക്കും രജനീകാന്തിനൊപ്പം വരുന്ന തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കാനുമുള്ള പദ്ധതികളായിരുന്നു ബി.ജെ.പി നേതൃത്വം കരുതിയിരുന്നത്.എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായെന്നാണ് പുറത്തുവരുന്ന സൂചനകള്‍.അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗോബാക്ക് അമിത്ഷാ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. അഞ്ച് ലക്ഷത്തിനടുത്ത് ഹാഷ് ടാഗുകളാണ് വന്നത്. ട്വിറ്ററില്‍ ഇപ്പോഴും തമിഴ് ജനതയുടെ ഗോബാക്ക് ട്വീറ്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അമിത് ഷാ, തമിഴ്നാട് പെരിയാറിന്റെ നാടാണ് എന്ന് ട്വീറ്റുകളില്‍ പറയുന്നു.
നടന്‍ വിജയ്‌യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറിയതായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. രണ്ട് മാസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമാണ് ഇതോടെ ഒരു പരിധി വരെയെങ്കിലും വിരാമമായിരിക്കുന്നത്. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായും ചന്ദ്രശേഖര്‍ അറിയിച്ചു. അച്ഛന്റെ പിന്മാറ്റത്തോട് വിജയ് ഇതുവരെയും പ്രതികരണം അറിയിച്ചിട്ടില്ല.വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്നും എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നും ഒക്ടോബറില്‍ എസ്.എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി തമിഴ്‌നാടില്‍ ചര്‍ച്ചയായിരുന്ന വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഇതോടെ ഒരിക്കല്‍ കൂടി സജീവമായി.ഇതിനിടെ ആരാധകരെ ഞെട്ടിച്ച് കൊണ്ട് വിജയ്യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. വിജയ്യുടെ ആരാധക സംഘടനയുടെ അതേ പേരാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി നല്‍കിയത്.ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി നല്‍കിയത്. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തി. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha


























