യോഗ പരിശീലിക്കുന്നതിനിടെ ആയുര്‍വേദ ഡോക്ടര്‍ മരിച്ചു

അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഹൈദരാബാദില്‍ യോഗ പരിശീലിക്കുന്നതിനിടെ ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. റിട്ട. ഗവണ്‍മെന്റ് ആയുര്‍വേദ ഡോക്ടറായ വീര റെഡ്ഡി(60)യാണ് മരിച്ചത്. വനസ്ഥലിപുരത്തെ സഹാറാ എസ്‌റ്റേറ്റ് കമ്മ്യൂണിറ്റി ഹാളില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.
യോഗ പരിശീലകര്‍ പറയുന്നത് കേള്‍ക്കാതെ ഒരു മൂക്കിലൂടെ ജലം മുകളിലേക്ക് വലിച്ച് മറ്റേ മൂക്കിലൂടെ അത് തിരിച്ചെടുക്കാന്‍ (ജല്‍നീതി) റെഡ്ഡി ശ്രമിച്ചതാണ് മരണത്തിന് കാരണമായത്. ഒരു നാസാരന്ധ്രത്തിലൂടെ വലിച്ചെടുത്ത ജലം തിരിച്ചെടുക്കാനായില്ലെന്നും അദ്ദേഹം പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള കാമിനേനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. നാസാരന്ധ്രത്തിലൂടെ വലിച്ചെടുത്ത വെള്ളം അദ്ദേഹത്തിന്റെ ശ്വസനത്തെ ബാധിക്കുകയും തുടര്‍ന്ന് ഹൃദയാഘാതമുണ്ടാവുകയും ചെയ്തതാണ് മരണത്തിന് കാരണം.
എല്ലാ ദിവസവും റെഡ്ഡി വളരെ താല്‍പര്യത്തോടെ യോഗ ചെയ്യാറുണ്ടായിരുന്നെന്ന് കമ്മ്യൂണിറ്റി ഹാള്‍ അംഗങ്ങള്‍ പറഞ്ഞു. കാര്‍വാന്‍ ഗവണ്‍മെന്റ് സെന്ററില്‍ ജോലി ചെയ്തിരുന്ന റെഡ്ഡി ആറ് മാസങ്ങള്‍ക്ക് മുന്പാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























