കോഹ്ലി അനുഷ്‌ക ദമ്ബതികളുടെ കോവിഡ് പ്രതിരോധ ധനസമാഹരണം 11 കോടിയിലേക്ക്...

രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും തുടങ്ങിയ ധനസമാഹരണ ക്യാംപയിനില്‍ ഇതുവരെ 11 കോടിയോളം ശേഖരിച്ചിരിക്കുന്നു. ധനശേഖരണ പ്ലാറ്റ്‌ഫോം ആയ കെറ്റോ ഇന്ത്യ വഴി മെയ് ഏഴിന് തുടങ്ങിയ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപയിനില്‍ നിന്നും ഏഴ് കോടി രൂപയാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. കോഹ്ലിയും അനുഷ്‌കയും ഇതിലേക്കായി രണ്ട് കോടി രൂപയും സംഭാവന നല്‍കിയിരുന്നു. ഈ വര്‍ഷത്തെ ഐ പി എല്‍ സീസണ്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് നിര്‍ത്തിവച്ചതിന്റെ തൊട്ട് പിന്നാലെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭാവന ചെയ്ത് കോഹ്ലിയും അനുഷ്‌കയും രംഗത്തെത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ കോഹ്ലി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബയോ ബബിള്‍ വിട്ട് മുംബൈയിലേക്ക് മടങ്ങിയത്.
രണ്ട് കോടി രൂപ നല്‍കിക്കൊണ്ട് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ 'ഇന്‍ദിസ്ടുഗതര്‍' (In this together) എന്ന പേരില്‍ ഒരു ധനസമാഹരണ ക്യാംപയിനാണ് തുടക്കമിട്ടത്. എല്ലാവരും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുവരും വീഡിയോയും പുറത്ത് വിട്ടിരുന്നു. ക്യാംപയിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് തുടക്കം മുതലേ ലഭിച്ചുകൊണ്ടിരുന്നത്. നേരത്തെ ഫണ്ട് ശേഖരണം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 3.6 കോടി രൂപ ലഭിച്ചിട്ടുണ്ടായിരുന്നു. ഇക്കാര്യം കോഹ്ലിയും അനുഷ്‌കയും സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഏഴ് കോടി രൂപയെന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനും രാജ്യത്തെ സഹായിക്കാനും പോരാട്ടം നമുക്ക് തുടരാമെന്നും ഇതോടൊപ്പം കോഹ്ലി ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ അതെല്ലാം ഇപ്പോള്‍ മറികടന്നിരിക്കുകയാണ്.
നേരത്തെ ഐ പി എല്‍ കളിച്ച ചില താരങ്ങളും ഫ്രാഞ്ചൈസികളും ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഭാവന ചെയ്തിരുന്നു. ഏറെ അവശത അനുഭവിക്കുന്ന കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ അടക്കമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉടനടി എത്തിക്കാനാണ് ധനസമാഹരണത്തില്‍ കൂടി ലഭിക്കുന്ന തുക ചെലവഴിക്കുക എന്നാണ് കോഹ്ലി അനുഷ്‌ക ദമ്ബതികള്‍ വ്യക്തമാക്കുന്നത്.
ഫണ്ട് ശേഖരണത്തില്‍ നിന്നും ലഭിക്കുന്ന തുക ആക്ട് ഗ്രാന്റ്‌സിലേക്കാണ് നല്‍കുക. ഈ സംഘടനയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണവും, ബോധവല്‍ക്കരണ ക്ലാസുകളും, ടെലിമെഡിസിന്‍ സൗകര്യങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. കോവിഡ് ഒന്നാം ഘട്ടത്തില്‍ ഇരുവരും ചേര്‍ന്ന് മൂന്ന് കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ പ്രതിദിനം നാലു ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha


























