തീരത്തോട് അടുത്ത് 'യാസ്'... ഉച്ചയോടെ പൂർണമായും കരയിലെത്തും! കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ മഴ കനക്കും...

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റ് യാസ് ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയില്‍ ഒഡിഷയിലെ ഭദ്രക് ജില്ലയില്‍ കരയിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
'അതിതീവ്ര ചുഴലിക്കാറ്റ്' വിഭാഗത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്ന 'യാസ്' മണിക്കൂറില്‍ 290 കിലോമീറ്റര്‍വരെ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍ നിന്ന് പതിനൊന്നു ലക്ഷത്തിലേറെപ്പേരെയാണ് ഒഴിപ്പിച്ചത്.
ഇന്ന് പുലർച്ചയോടെ തന്നെ യാസ് കരയിലേക്ക് അടുത്തു. ഒഡിഷ തീരത്ത് ദമ്ര പോർട്ടിനും പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ദമ്ര - ബാലസോർ സമീപത്തു കൂടി മണിക്കൂറിൽ പരമാവധി 130 മുതൽ 140 കിലോമീറ്റർ വേഗത്തിലാണ് കരയിലേക്കുള്ള പ്രവേശനം.
ഉച്ചയോടെ ചുഴലിക്കാറ്റ് പൂർണ്ണമായി കരയിലേക്ക് കടക്കും. നിലവിലെ പ്രവചന പ്രകാരം ചുഴലിക്കാറ്റ് രാവിലെ 10 മണിക്കും 11നും ഇടയിൽ കരയിലേക്ക് കയറി തുടങ്ങും എന്നാണ് അറിയാൻ കഴിഞ്ഞത്.
ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമാണ് ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാർ, ഝാർഖണ്ഡ്, അസം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും മഴ ലഭിക്കും.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗ നാസ് ജില്ലയിൽ വൻ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്. 40 വീടുകൾക്ക് കേടുപാടുകൾ പറ്റി. മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ നിലം പൊത്തി. രണ്ട് പേർ മിന്നലേറ്റ് മരിക്കുകയും ചെയ്തു.
ഇന്ന് രാവിലെ എട്ടര മുതൽ രാത്രി 7.45 വരെ കൊൽക്കത്ത എയർപോർട്ട് പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യം നേരിടാൻ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയെന്ന് നാവിക സേന അറിയിച്ചു.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ വടക്കൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകുന്നതിന് വിലേക്കേർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാനും നിർദേശം നൽകിയിട്ടുണ്ട്.
പശ്ചിമബംഗാള്‍ ഒമ്പതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്. ആന്ധ്രാപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളില്‍ അതിജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി കളക്ടര്‍മാരോട് നിര്‍ദേശിച്ചു.
യാസിനുമുന്നോടിയായി വീശിയ ചുഴലിയില്‍ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്ന ഒമ്പത് ജില്ലകളില്‍ മഞ്ഞ ജാഗ്രത നല്‍കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മാലദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലേക്ക് മുന്നേറിയിട്ടുണ്ട്. കാലവര്‍ഷത്തിന്റെ മുന്നേറ്റത്തിന് അനുകൂലമാണ് ഘടകങ്ങള്‍. 31-നോ അതിനുമുമ്പോ കേരളത്തില്‍ കാലവര്‍ഷമെത്തും.
ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കോഴിക്കോട്, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
നാളെ മുതൽ മഴയുടെ ശക്തി കുറയും. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല. അതേസമയം, യാസിന്റെ തുടർച്ചയായി കേരളത്തിൽ കാലവർഷം നേരത്തേ എത്തുമെന്നു സൂചനയുണ്ട്. 31 ന് കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവിൽ കാലവർഷം മാലദ്വീപിലും ശ്രീലങ്കയിലുമെത്തി. 29 മുതൽ മഴ വീണ്ടും ശക്തമാകുമെന്നാണു മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha
























