കോവിഡ് പരിശോധന ഇനി തനിയെ നടത്താം.... കോവിഡ് പരിശോധന സ്വയം നടത്തുന്നതിന് ഇന്ത്യ വികസിപ്പിച്ച ആദ്യത്തെ കിറ്റ് 'കോവിസെല്‍ഫ് ഉടന്‍ വിപണിയില്‍

കോവിഡ് പരിശോധന സ്വയം നടത്തുന്നതിന് ഇന്ത്യ വികസിപ്പിച്ച ആദ്യത്തെ കിറ്റ് 'കോവിസെല്‍ഫ്' ചൊവ്വാഴ്ചയോടെ വിപണിയില്‍ ലഭ്യമാകും.
വീട്ടിലോ ഓഫീസിലോ എവിടെയുമിരുന്ന് പരിശോധന നടത്തി ഒരാള്‍ കോവിഡ്ബാധിതനാണോ എന്നു 15 മിനിറ്റിനുള്ളില്‍ തിരിച്ചറിയാം. കോവിഡ് ബാധിതര്‍ തിങ്ങിക്കൂടുന്ന പരിശോധന കേന്ദ്രങ്ങളില്‍ പോയി രോഗസമ്പര്‍ക്കത്തിലൂടെ രോഗം വരുത്തിവയ്ക്കേണ്ട സാഹചര്യമില്ല. തന്നെയുമല്ല ആശുപത്രികള്‍ ഈടാക്കുന്ന കൊള്ളച്ചാര്‍ജ് നല്‍കേണ്ടതുമില്ല.
250 രൂപ വിലയുള്ള സ്വയം പരിശോധനാ കിറ്റ് സര്‍ക്കാരിന്റെ ഇമാര്‍ക്കറ്റിംഗ് സൈറ്റിലും ലഭ്യമാകും. സ്വയം കോവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന കിറ്റിന് നേരത്തെ, ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു. 250 രൂപയുടെ പുതിയ കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാം.
കോവിഡ് ലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതി.തുടര്‍ച്ചയായുള്ള പരിശോധനയും ആവശ്യമില്ല. പരിശോധനയില്‍ കോവിഡ് ആണെന്നു വ്യക്തമായാല്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതില്ല. അതേ സമയം രോഗലക്ഷണമുള്ളവര്‍ക്ക് നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഉടന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. പോസിറ്റീവെന്നു കണ്ടാല്‍ 17 ദിവസം വീട്ടില്‍ കഴിയുകയോ അതല്ലെങ്കില്‍ 10 ദിവസത്തിനുശേഷം വീണ്ടും കിറ്റ് പരിശോധനയിലൂടെ നെഗറ്റീവായോ എന്ന ഉറപ്പാക്കുകയും ചെയ്യാം.
ഒരു ട്യൂബ്, മൂക്കില്‍നിന്ന് സാംപിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക. പുണെയിലെ മൈലാബ് ഡിസ്‌കവറി സൊലൂഷന്‍സ് ലിമിറ്റഡാണ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്.
കോവിസെല്‍ഫിന്റെ ഏഴ് ലക്ഷം യൂണിറ്റ് ആഴ്ചയില്‍ ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.രണ്ടുമിനിറ്റുകൊണ്ട് പരിശോധന നടത്തി 15 മിനിറ്റിനുള്ളില്‍ ഫലം അറിയാന്‍ സാധിക്കുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് (ആര്‍എടി) വീട്ടില്‍ ഇരുന്നുചെയ്യാനാകും എന്നതും സ്വയം സുരക്ഷിതനാകാനും സാധിക്കും എന്നതും നേട്ടമാണ്.
പുതിയ ടെസ്റ്റ് കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അംഗീകാരം നല്‍കിക്കഴിഞ്ഞു. പ്രായപൂര്‍ത്തിയായ ആര്‍ക്കും കിറ്റ് ഉപയോഗിച്ച് സ്വയം ടെസ്റ്റ് ചെയ്യാന്‍ അനുമതിയുണ്ട്. അടുത്ത ആഴ്ച ഏഴ് ലക്ഷത്തിലധികം ഫാര്‍മസികള്‍ വഴിയും ഓണ്‍ലൈന്‍ പാര്‍ട്ണര്‍മാര്‍ വഴിയും ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാകും.
"
https://www.facebook.com/Malayalivartha

























