തൊഴിൽ സമയത്ത് ജീവനക്കാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ... മലയാളം വിലക്കിയതിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി നഴ്‌സുമാർ; തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്ത്

ഡൽഹി ജി ബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കാനൊരുങ്ങി നഴ്‌സുമാർ. ഇന്നലെ ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് മലയാളം സംസാരിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്
വിഷയത്തിൽ ഇന്നലെ രാത്രിയിൽ ഓൺലൈൻ മുഖേന ചേർന്ന നഴ്‌സുമാരുടെ യോഗം ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഇന്നുമുതൽ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിലെ ഭൂരിഭാഗം രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന സൂപ്രണ്ടിന്‍റെ വാദം നഴ്‌സുമാർ തള്ളിയിരിക്കുകയാണ്.
മഹാമാരിക്കാലത്ത് സമയ പരിമിതി നോക്കാതെ ജോലി ചെയ്യുന്ന നഴ്‌സുമാരെ മാനസിക സമ്മർദ്ദത്തിലാക്കുന്നതാണ് ഉത്തരവെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. അതേസമയം, വിഷയത്തിൽ ഇടപെട്ട കേരളത്തിൽ നിന്നുള്ള എം പിമാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രി ഹർഷവർദ്ധനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
തൊഴിൽ സമയത്ത് ജീവനക്കാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തിൽ സംസാരിച്ചാൽ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു. ആശുപത്രിയിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറാം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്. ഇവിടെ നിന്നുള്ളവർ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്‌സുമാർ വ്യക്തമാക്കുന്നു.
അതേസമയം, ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരിക്കുകയാണ്. മലയാളം ഇന്ത്യയിലെ മറ്റ് ഭാഷകൾ പോലെ തന്നെയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്‌തു. വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എം പിമാർ കേന്ദ്രമന്ത്രി ഹർഷവർദ്ധന് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍റെ പ്രതികരണം.
https://www.facebook.com/Malayalivartha

























