സോണിയ - മമത സഖ്യം മോദിയെ വീഴ്ത്തുമോ? ബംഗാളിൽ ഇനി സംഭവിക്കുന്നത്!

രാഷ്ട്രീയശത്രുത മറന്ന് കോണ്‍ഗ്രസും മതമാ ബാനര്‍ജിയും ബിജെപിക്കെതിരെ സഖ്യം ചേരുകയാണോ.2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് പിന്തുണയില്‍ മമതാ ബാനര്‍ജി ദേശീയപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്ഥിയാലും അതിശയമുണ്ടാകില്ല.
എങ്ങനെയും മോദിയെ പുറത്താക്കാന്‍ സോണിയാ ഗാന്ധിയും മമതാ ബാനര്‍ജിയും ധാരണയിലെത്തുന്നതിന്റെ സൂചന പശ്ചിമബംഗാളില്‍ നിന്നു പുറത്തുവരികയാണ്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് വിട്ടു തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിച്ച മമത കോണ്‍ഗ്രസിന്റെ വിലാസം വീണ്ടെടുക്കുന്ന രക്ഷകയായി മാറിയേക്കാം. എന്തിനേറെ തൃണമൂലിനെ കോണ്‍ഗ്രസില്‍ ലയിപ്പിച്ച് മമത ദേശീയ അമരക്കാരിയാകുന്ന കാലവും വിദൂരത്തല്ല.
നിലവില്‍ ബംഗാളില്‍ സിപിഎമ്മുമായുള്ള സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസ് മമതാ ബാനര്‍ജിയെ ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തുകഴിഞ്ഞു.
ഉടന്‍ നടക്കാനിരിക്കുന്ന ഭവാനിപൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു. സിപിഎം അവിടെ സ്ഥാനാര്‍ഥിയെ നിറുത്തിയാലും അതുവകവയ്ക്കാതെ മമതയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ കോണ്‍ഗ്രസ്-സിപിഎം സഖ്യം ഏറെക്കുറെ അവസാനിക്കുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ മിന്നുന്ന വന്‍വിജയം നേടിയപ്പോഴും മമത ബാനര്‍ജിക്ക് നന്ദിഗ്രാമില്‍ സുവേന്ദു അധികാരിക്കെതിരെ വിജയിക്കാനായിരുന്നില്ല. തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന പഴയ സഹപ്രവര്ത്തകന് സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മമത 2011, 2016 വര്‍ഷങ്ങളില്‍ തന്നെ ജയിപ്പിച്ച ഭവാനിപ്പൂര്‍ വിട്ട് നന്ദിഗ്രാമില്‍ മത്സരിച്ചത്.
ഭാവിയിലെ വിശാല പ്രതിപക്ഷ താല്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ബംഗാള്‍ ഘടകത്തോട് മമതക്കെതിരെ സ്ഥാനാര്‍ത്ഥി വേണ്ടെന്ന താല്പര്യം അറിയിച്ചിരിക്കുന്നത്. മമതയുടെ കടുത്ത വിമശകനായ കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ ആധിര്‍ രജ്ഞന്‍ ചൗധരിയും ഇക്കാര്യത്തില്‍ പിന്തുണ അറിയിച്ചുകഴിഞ്ഞു.
ബംഗാള്‍ കോണ്‍ഗ്രസിന്റെ താല്പര്യത്തെ പിന്തുണയ്ക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യയും പ്രതികരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ ഇക്കാര്യം അനൗദ്യോഗികമായി ബംഗാള്‍ കോണ്‍ഗ്രസ് ഘടകത്തോട് പറഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലും മമത ബാനര്‍ജിയും ഒരേ പോലെയാണെന്ന് രാഹുല്‍ ഗാന്ധി അടുത്തയിടെ പറഞിരുന്നു. മമതയില്ലാതെ കോണ്‍ഗ്രസിന് ഒരു പ്രതിപക്ഷ സംവിധാനം ആലോചിക്കാന്‍ കഴിയാത്ത അവസ്ഥമാണ് ദേശീയതലത്തില്‍ ഇന്നുള്ളത്.
നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് നേരിയ വോട്ടുകള്‍ക്ക് തോറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നിയമസഭാംഗത്വം ഉറപ്പാക്കാന്‍ മുന്‍ മണ്ഡലമായ ഭവാനിപ്പൂരില്‍ നിന്നുള്ള എം.എല്‍.എ ശോഭന്ദേബ് ചതോപാദ്ധ്യായ രാജിയ്ക്കുക മാത്രമല്ല മതത അവിടെ പ്രചാരണം തുടങ്ങിവയ്ക്കുകയും ചെയ്തിരിക്കുന്നു.
മമതാ മന്ത്രിസഭയില്‍ കൃഷി മന്ത്രിയായ ശോഭന്ദേബ് മറ്റൊരു മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. ശോഭന്ദേബ് 56 ശതമാനം വോട്ടുകള്‍ നേടി വന്‍ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭവാനിപ്പൂരില്‍ വിജയിച്ചത്. നന്ദിഗ്രാം മൂത്ത സഹോദരിയും ഭവാനിപ്പൂര്‍ ഇളയ സഹോദരിയുമാണെന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പു് റാലിയില്‍ മമത സുവേന്ദുവിന്റെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ മത്സരിക്കാന്‍ പ്രഖ്യാപനം നടത്തിയത്. ഭവനിപ്പൂരിലും മത്സരിക്കാന്‍ താല്പര്യമായിരുന്നെങ്കിലും നന്ദിഗ്രാമില്‍ മമതയ്ക്ക് ആത്മവിശ്വാസമില്ലെന്ന ബിജെപിയുടെ പരിഹാസത്തെത്തുടര്ന്നാണ് ഭവാനിപ്പൂരില്‍നിന്ന് മമക നന്ദിഗ്രാമില്‍ ഉറച്ചുനിന്നത്.
മമതയുടെ സ്വന്തം മണ്ഡലം എന്ന നിലയില്‍ ഭവാനിപ്പൂരില്‍ ദീതിക്ക് വന്‍വിജയം ആവര്‍ത്തിക്കാന്‍ കഴിയും. ബിജെപി ഏതു പ്രതിയോഗിയെ രംഗത്തിറക്കിയാലും മമത മുഖ്യമന്ത്രിയും ബംഗാളിലെ ആരാധ്യ നേതാവുമാണെന്നതില്‍ ബിജെപിയ്ക്കും സംശയമില്ല. ഇന്ത്യയൊട്ടാകെ ബിജെപി വേരുറപ്പിക്കാന്‍ ശ്രമിച്ചിട്ടും കേരളത്തിലും ബംഗാളിലും കാര്യമായ ചലനമുണ്ടാക്കാന്‍ അവര്‍ക്കു കഴിയുന്നുമില്ല.
മോദിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ മമതയുടെനേതൃത്വത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് പ്രതിപക്ഷം. കോണ്‍ഗ്രസ് അതിന്റെ തകര്‍ച്ച ഏറെക്കുറെ പൂര്‍ണമാകുന്ന സാഹചര്യത്തില്‍ എത്തിനില്ക്കുമ്പോള് ഈ പോരാട്ടം നയിക്കാന്‍ മറ്റാരെക്കുറിച്ചാണ് പ്രതിപക്ഷത്തിന് ചിന്തിക്കാന്‍ കഴിയുക. ബംഗാളില്‍ ആകെയുള്ള 294 നിയമസഭാ സീറ്റുകളില്‍ 214 ഇടങ്ങളിലും ബിജെപിയെയും കോണ്‍ഗ്രസ്-സിപിഎം സഖ്യമുന്നണിയെയും തകര്‍ത്താണ് മതമാ ബാനര്‍ജി മൂന്നാമതും വിജയം നേടിയത്.
നരേന്ദ്ര മോദിയും അമിത് ഷായും ആഞ്ഞുപൊരുതിയിട്ടും ബിജെപി വിജയം 76 സീറ്റുകളില്‍ ചുരുങ്ങി. നന്ദിഗ്രാമില്‍ 1700 വോട്ടുകള്‍ക്ക് അധികാരിയോടും പരാജയപ്പെട്ടശേഷവും വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടായെന്ന് ആരോപിച്ച് മമത ഇലക്ഷന് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.
നിയമസഭയില്‍ തകര്‍ന്നടിഞ്ഞ ഇടതുപക്ഷത്തേയോ കോണ്‍ഗ്രസിനെയോ അല്ല ബിജെപിയെന്ന ശക്തമായ പാര്‍ട്ടിയെയാണ് മമതവരും ദിനങ്ങളിലും നേരിടാന്‍ പോകുന്നത്. 2024 ലെ തെരഞ്ഞെടുപ്പിനായുള്ള ശക്തി ആര്‍ജിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.
നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് മമത നന്ദിഗ്രാമിലേക്ക് മത്സരിക്കാന്‍ പോയത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha


























