അടുത്ത വര്‍ഷം മുതല്‍ മെഡിക്കല്‍-ഡെന്റല്‍ ഏകീകൃത പ്രവേശന പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി

അടുത്ത വര്‍ഷം മുതല്‍ മെഡിക്കല്‍-ഡെന്റല്‍ കോഴ്‌സുകള്‍ക്ക് അഖിലേന്ത്യതലത്തില്‍ ഏകീകൃത പരീക്ഷ ഉണ്ടാകില്ല. ഏകീകൃത പ്രവേശന പരീക്ഷ നടത്തേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. എന്നാല്‍ ഇതുസംബന്ധിച്ച് ജഡ്‌ജിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് വിക്രംജിത്ത് സെന്നും പൊതുപ്രവേശന പരീക്ഷയെ എതിര്‍ത്തപ്പോള്‍ ജസ്റ്റിസ് അനില്‍ ആര്‍ . ദവെ പൊതു പ്രവേശനപരീക്ഷകള്‍ ആവശ്യമാണെന്ന നിലപാട് കൈക്കൊണ്ടു.
അതേസമയം പരീക്ഷയുടെ മാനദണ്ഡമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്‌ക്ക് തീരുമാനിക്കാമെന്ന് കോടതി ഉത്തരവിട്ടു. ദേശീയ തലത്തില്‍ ഏകീകൃത മെഡിക്കല്‍ പൊതു പ്രവേശന പരീക്ഷ വേണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയായിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുക, മെഡിക്കല്‍ പ്രവേശനത്തിലെ അപാകതകളും തിരിമറികളും പരിഹരിക്കുക കോടികള്‍ കോഴ വാങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി, ദേശീയതലത്തില്‍ ആദ്യമായി ബിരുദ, ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍ .ഇ.ഇ.ടി) എന്ന പേരില്‍ പൊതുപ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചത് കഴിഞ്ഞ ജൂണിലാണ്. നീറ്റ് പരീക്ഷയില്‍ അറുപത് ശതമാനത്തിലധികം മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളില്‍ പ്രവേശനം നല്‍കാവൂ എന്നായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം.
ഏകീകൃത പ്രവേശന പരീക്ഷ നടത്താനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ സ്വകാര്യ മാനേജ്‌മെന്റുകളും, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha