തോമസ് കുരുവിളയെ തൊടാത്തത് വദേരയെ പേടിച്ച്?

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായിയും സോളാര്‍ വിവാദത്തില്‍ ആരോപണ വിധേയനുമായ തോമസ് കുരുവിളയെ സംരക്ഷിക്കുന്നത് സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദേരയെ പേടിച്ചാണെന്ന് ആരോപണം. വദേരയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ സഹായിയാണ് തോമസ് കുരുവിള. സരിതയുമായി ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചെന്ന് കുരുവിള അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വിവാദം ഉണ്ടായപ്പോഴേ കുരുവിളയെ ചോദ്യം ചെയ്യാന്‍ കസ്‌റ്റഡിയിലെടുക്കണമെന്ന് പ്രതിപക്ഷവും ഐ ഗ്രൂപ്പിലെ ചില നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉന്നത ഉടപെടല്‍ മൂലം ആരും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടിനടുത്തുള്ള കുരുവിള ചാണ്ടി ഉമ്മനെ സഹായിക്കാനാണ് ഡല്‍ഹിക്ക് വണ്ടികയറിയതെന്ന് പറയുന്നു. എന്നാല്‍ അവിടെ എത്തിയ കുരുവിള ഉന്നതരുമായി ബന്ധം സ്ഥാപിച്ച് പെട്ടെന്ന് സമ്പന്നനാവുകയായിരുന്നു. വ്യവസായികള്‍ക്കും ബിസിനസുകാര്‍ക്കും ഇടനിലക്കാരാനായി നിന്നും രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് അവരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ സാധിച്ചു കൊടുത്തുമാണ് കുരുവിള കോടീശ്വരനായതെന്ന് ആരോപണമുണ്ട്. മിക്കസംസ്ഥാനങ്ങളിലും ഇയാള്‍ക്ക് റിയല്‍ എസ്റ്റേറ്റ് അടക്കം ബിസിനസുണ്ട്. മുംബയിലെ ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് കുരുവിളയ്‌ക്കെതിരെ അധോലോക ഭീഷണിയും ഉണ്ട്.
സരിതയെ കാണാന്‍ കുരുവിള തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ വീട്ടില്‍ രണ്ടുതവണ വന്നിട്ടുണ്ട്. ഇക്കാര്യം സരിതയുടെ ഡ്രൈവര്‍ വെളിപ്പെടുത്തിയിരുന്നു. നിരവധി തവണ ഫോണിലും ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് ആയിരുന്ന ജിക്കുമോനും ഗണ്‍മാനായിരുന്ന സലിം രാജിനും എതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് അടക്കം രൂക്ഷവിമര്‍ശനം നടത്തിയപ്പോഴും തോമസ് കുരുവിളയ്‌ക്കെതിരെ ആരും വിമര്‍ശനങ്ങളോ, പരാതികളോ ഉന്നയിക്കാത്തത് ഹൈക്കമാന്‍ഡിലെ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha