ഇന്ത്യയ്ക്ക് സാധിക്കുന്ന എല്ലാ ദുരന്ത നിവാരണ സാമഗ്രികളും എത്രയും വേഗം എത്തിക്കുവാൻ തയ്യാറാണ്; അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്നത്; സംഭവത്തിൽ അഗാധമായ ദുഃഖമുണ്ട്; ഭൂചലനത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം; അഫ്ഗാൻ ജനതയെ ചേർത്തണച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

അഫ്ഗാനിസ്ഥാനിൽ അപ്രതീക്ഷിതമായി ഭൂചലനം ഉണ്ടായതും ഒരുപാട് ആൾക്കാർക്ക് ജീവൻ വെടിയേണ്ടി വന്നതും ലോകം ഞെട്ടലോടെ അറിഞ്ഞ കാര്യങ്ങളാണ്. ഇപ്പോൾ ഇതാ അഫ്ഗാൻ ജനതയെ ചേർത്തണച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂചലനം കാരണം ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
ഇന്ത്യയ്ക്ക് സാധിക്കുന്ന എല്ലാ ദുരന്ത നിവാരണ സാമഗ്രികളും എത്രയും വേഗം എത്തിക്കുവാൻ തയ്യാറാണെന്നാണ് മോദി പറഞ്ഞിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് അനുശോചനം അറിയിച്ചത്.
റിക്ടർ സ്‌കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം അർദ്ധരാത്രിയോടെയാണ് അഫ്ഗാനിലുണ്ടായത്. ഭൂചലനത്തിൽ ആയിരത്തിൽ അധികം ആൾക്കാർക്കാണ് ജീവൻ നഷ്ടമായത്. 1500ഓളം പേർക്ക് പരിക്കേറ്റു . 'പതിറ്റാണ്ടുകളായി രാജ്യത്ത് ഉണ്ടായ ഏറ്റവും മാരകമായ ഭൂകമ്പങ്ങളിലൊന്ന്' എന്ന വിശേഷണമാണ് സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസി കൊടുത്തിരിക്കുന്നത്.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതർ കൊടുത്തു. പാക് അതിർത്തിക്കടുത്ത് ഖോസ്ത് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെ ഭൂചലനം ഉണ്ടാകുകയായിരുന്നു. യുഎസ് ജിയോളജിക്കൽ സർവ്വേയാണ് ഈ കാര്യം അറിയിച്ചത്.
കിഴക്കൻ അഫ്ഗാനിലെ പ്രവിശ്യയിൽ ബർമല, സിറുക്, നക, ഗയാൻ ജില്ലകളിലാണ് ഭൂചലനം ബാധിച്ചത്. പാക്കിസ്ഥാനിലും ഭൂചലനത്തിന്റെ തുടർ ചലനങ്ങൾ ഉണ്ടായി. 500 മീറ്റർ ചുറ്റളവിൽ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രകമ്പനം ഉണ്ടായി.
https://www.facebook.com/Malayalivartha