ശിവസേനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ജയ്റ്റ്‌ലി , രാജ്യത്തു വര്‍ധിച്ചുവരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് കണ്ടില്ലെന്ന് നടക്കിനാവില്ല

രാജ്യത്തു വര്‍ധിച്ചുവരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി രംഗത്തുവന്നു. അസഹിഷ്ണുക്കളായവര്‍ ഏതാനും ദിവസങ്ങളായി തങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനായി വിധ്വംസക പ്രവര്‍ത്തനങ്ങളെ ഉപകരണമാക്കുകയാണ്. നശിപ്പിക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ബി.സി.സി.ഐ. ആസ്ഥാനത്ത് ഇന്ത്യപാക് ക്രിക്കറ്റ് പരമ്പരയ്‌ക്കെതിരേ ബി.ജെ.പിയുടെ സഖ്യകക്ഷി ശിവസേന നടത്തിയ പ്രതിഷേധത്തെയും സുധീന്ദ്ര കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ള ചിന്തകര്‍ക്കു നേരേയും ശിവസേനയുടെ നേതൃത്വത്തില്‍ നടന്ന അക്രമങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഈ പ്രവണത അസ്വസ്ഥജനകമാണെന്നും ചര്‍ച്ചകള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടതെന്നും സംസ്‌കാരത്തോടെ നിലപാടെടുക്കണമെന്നും ജയ്റ്റ്‌ലി ആവശ്യപ്പെട്ടു.
അങ്ങേയറ്റം അലോസരപ്പെടുത്തുന്ന പ്രവണതയാണിത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത് കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കും. എല്ലാ വലതുപക്ഷ പ്രസ്ഥാനങ്ങളും ഇതില്‍നിന്ന് അകലം പാലിക്കണം ആരോഗ്യപരമായ ചര്‍ച്ചകളാണ് ആവശ്യം, നശീകരണ പ്രവര്‍ത്തനങ്ങളല്ല. ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്ത് അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുകയില്ലെന്നും അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.
ബി.ജെ.പിയില്‍ ആരുംതന്നെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ വക്താക്കളാണെന്ന് കരുതുന്നില്ല. പരസ്പരം ആക്രമിക്കുന്നത് ജനാധിപത്യത്തിനു യോജിക്കുന്നതല്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയോടുള്ള വിശ്വാസ്യത ഇല്ലാതാക്കും. വര്‍ഗീയത വളര്‍ത്തുന്ന തരത്തിലുള്ള ബി.ജെ.പി. നേതാക്കളുടെ പ്രസ്താവനകളെയും ജയ്റ്റ്‌ലി വിമര്‍ശിച്ചു. സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ജമ്മു കശ്മീര്‍ പ്രശ്‌നം തുടങ്ങിയവയില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇവ പുറത്തു പറയുന്നതിനു ചില മര്യാദകള്‍ പുലര്‍ത്തണം. ചുരുക്കം ചിലരാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയത്. പാര്‍ട്ടിയുടെ അധ്യക്ഷന്‍ അമിത് ഷാ ഇവരെ ഉപദേശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി ഇത്തരം പ്രസ്താവനകളോടുള്ള വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും ജയ്റ്റ്‌ലി അറിയിച്ചു. ശ്രീനഗറിലെ എം.എല്‍.എ. ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയ ജമ്മു കശ്മീരിലെ സ്വതന്ത്ര എം.എല്‍.എയ്ക്കു നേരേ കഴിഞ്ഞ ദിവസം ഹിന്ദുസേന കരി ഓയില്‍ ഒഴിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി.
രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയ പ്രവണതകള്‍ ബി.ജെ.പി. സര്‍ക്കാരിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്നതായി ബി.ജെ.പി. കേന്ദ്ര നേതൃത്വം വിലയിരുത്തുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് അരുണ്‍ ജയ്റ്റ്‌ലിയെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. നേരത്തേ പാകിസ്താന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മുംബൈ സംഗീത പരിപാടി ശിവസേന തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു ഡല്‍ഹിയിലേക്ക് മാറ്റിയ പരിപാടിയും ഇന്നലെ പിന്‍വലിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























