കേന്ദ്രത്തിന് ഒളിക്കാനൊന്നുമില്ല ; കോടതി ഇത്തരത്തിൽ സംശയം ഉന്നയിക്കുന്നത് ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലേ; സുപ്രീംകോടതിക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാരിനെ വിറപ്പിച്ച് സുപ്രീംകോടതി. അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പു കമ്മിഷണറായി നിയമിക്കാനുള്ള കേന്ദ്ര തീരുമാനം മിന്നല്‍ വേഗത്തില്‍ ആയിരുന്നെന്ന് സുപ്രീം കോടതി വിമർശിച്ചു . എന്നാൽ ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടി ശ്രദ്ധേയമാണ്. ഇതിൽ ഒളിക്കാൻ ഒന്നുമില്ലെന്നായിരുന്നു കേന്ദ്രം പറഞ്ഞത്.
കോടതി ഇത്തരത്തിൽ സംശയം ഉന്നയിക്കുന്നത് ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലേയെന്ന് അറ്റോണി ജനറലും തിരിച്ച് ചോദിച്ചു. എന്നാൽ ചർച്ചയും സംവാദവുമാണ് ഇപ്പോൾ നടക്കുന്നതെന്ന് വിശദീകരിച്ച കോടതി, കേന്ദ്രത്തിനെതിരാണെന്ന് കരുതേണ്ടെന്നും എജിക്ക് മറുപടി കൊടുക്കുകയുണ്ടായി. അരുൺ ഗോയലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ അറ്റോർണി ജനറൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് മുന്നിൽ സമർപ്പിച്ചു .
നിർണായകമായ പല ചോദ്യങ്ങളും സുപ്രീംകോടതി കേന്ദ്രത്തോട് ഉന്നയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷണറായി അരുൺ ഗോയലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നിയമനത്തിന് എന്തിന് അടിയന്തര പ്രാധാന്യം നൽകിയെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. യോഗ്യതാടിസ്ഥാനത്തിൽ പരിഗണിക്കപ്പെട്ട നാല് പേരിൽ നിന്നും ഒരാളിലേക്ക് എങ്ങനെയെത്തിയെന്ന നിർണായകമായ ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചു.
എന്തു തരത്തിലുള്ള വിലയിരുത്തലാണ് ഇതെന്നായിരുന്നു, ഫയല്‍ പരിശോധിച്ച ശേഷം ജസ്റ്റിസ് കെഎം ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന്റെ പ്രതികരണം. ''അരുണ്‍ ഗോയലിന്റെ യോഗ്യതയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അതു വിലയിരുത്തിയ പ്രക്രിയ പരിശോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha