ഓസ്കാർ അവാർഡ് താരങ്ങളായ മുതുമല തെപ്പക്കാട് ആനത്താവളത്തിലെ ദമ്പതികളായ ബൊമ്മനെയും ബെല്ലിയെയും കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു; ഞായറാഴ്ച രാവിലെ അദ്ദേഹം തമിഴ്നാട് നീലഗിരി ജില്ലയിലെ തെപ്പക്കാട് ആനത്താവളത്തിൽ എത്തും

'ഏപ്രിൽ എട്ടു ഞായറാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വമ്പൻ സർപ്രൈസ് ഒരുക്കുകയാണ്. ഓസ്‌കാർ അവാർഡ് താരങ്ങളായ മുതുമല തെപ്പക്കാട് ആനത്താവളത്തിലെ ദമ്പതികളായ ബൊമ്മനെയും ബെല്ലിയെയും കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുകയാണ്. ഞായറാഴ്ച രാവിലെ പ്രധാനമന്ത്രി തമിഴ്നാട് നീലഗിരി ജില്ലയിലെ തെപ്പക്കാട് ആനത്താവളത്തിൽ എത്തുമെന്നവിവരമാണ് പുറത്ത് വരുന്നത്.
ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയുവാൻ സാധിക്കും. ഓസ്‌കാർ അവാർഡ് വേദിയിൽ ഇന്ത്യ തിളങ്ങിയിരുന്നു. ഊട്ടി സ്വദേശിനിയായ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത 'ദ എലിഫന്റ് വിസ്പററേഴ്സ്' എന്ന ഹ്രസ്വ ചിത്രത്തിലൂടെയായിരുന്നു ഓസ്‌കാർ അവാർഡ് ഇന്ത്യയിലേക്ക് വന്നത് . ഇതിലെ കഥാപാത്രങ്ങളാണ് ആനക്കുട്ടികളായ രഘുവും ബൊമ്മിയും. ഇവരെ പരിപാലിച്ചവരാണ് ആദിവാസികളായ ബൊമ്മനും ബെല്ലിയും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ മുന്നോടിയായി വനമേഖലയായ മുതുമല ടൈഗർ റിസർവ് വൻ സജ്ജീകരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ആനത്താവളത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. നടപ്പാതകളും കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കലും നടക്കുകയാണ് .കിട്ടുന്ന വിവരമനുസരിച്ച് പ്രധാനമന്ത്രി മൈസൂർ ഊട്ടി ദേശീയ പാത വഴിയോ അല്ലെങ്കിൽ മൈസൂരിൽ നിന്ന് മസിനഗുഡിയിലേക്ക് ഹെലികോപ്ടറിലോ എത്തും .പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് സുരക്ഷയുടെ ക്രമീകരണങ്ങൾ സജ്ജമാക്കുന്നുണ്ട്. നാളെ മുതൽ ഞായറാഴ്ച വരെ മുതുമലയിലും പരിസരത്തെയും റിസോർട്ടുകളും റസ്റ്റോറന്റുകളും അടച്ചിടണമെന്ന് മുതുമല ടൈഗർ റിസർവ് മാനേജ്‌മെന്റ് അറിയിച്ചു .
ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ആനത്താവളമായ തമിഴ്നാട്ടിലെ മുതുമല തെപ്പക്കാട് ആനത്താവളം അങ്ങനെ ലോക പ്രസിദ്ധമായിരിക്കുന്നു..ഈ ആനത്താവളം തേടി ഇപ്പോൾ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. കഴിഞ്ഞ പതിനാലാം തീയതി അതായത് ഓസ്കാർ പ്രഖ്യാപനത്തിന് ശേഷം ഇവിടേക്കുളള സന്ദർശകരുടെ പ്രവാഹം ഒന്നുകൂടി വർദ്ധിച്ചു. എന്തോ വലിയ അംഗീകാരമാണ് ഓസ്കാർ എന്ന് മാത്രമെ കാട്ടുനായ്ക്കരായ ബൊമ്മനും ബെല്ലിക്കും അറിവുളളു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
https://www.facebook.com/Malayalivartha
























