ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി....പരിക്കേറ്റവരില്‍ 56 പേരുടെ നില ഗുരുതരം

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരിക്കുണ്ടെന്നും ഇവരില്‍ 56 പേരുടെ നില ഗുരുതരമാണെന്നും റെയില്‍വെ അറിയിക്കുന്നു. ഒഡിഷയിലെ ബാലസോറിലെ ബഹനഗ റെയില്‍വേ സ്‌റ്റേഷന് സമീപം ഇന്നലെ വൈകീട്ട് 6.55നാണ് കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയില്‍ ഇടിച്ചു കയറിയത്. പാളം തെറ്റിയ ബോഗികളില്‍ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കില്‍ പോവുകയായിരുന്ന ഹൗറ സൂപ്പര്‍ ഫാസ്റ്റിന് മുകളിലേക്ക് വീണതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി. ഇന്ന് ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലം സന്ദര്‍ശിച്ചു. ദുരന്തത്തില്‍ ഉന്നതതല അന്വേഷണം റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്.
അപകട കാരണം കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ പിഴവാണെന്ന് റെയില്‍വെ സ്ഥിരീകരിച്ചു. ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് തെറ്റിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. അപകട സ്ഥലത്ത് എത്തിയ റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനമാണിത്. മെയിന്‍ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡല്‍ എക്‌സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടിയതാണ് അപകടത്തിന് കാരണമായത്. നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനില്‍ ആദ്യം ഇടിച്ചത് കോറമണ്ഡല്‍ എക്‌സ്പ്രസാണെന്നും മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നും പരിശോധിച്ച ഉദ്യോഗസ്ഥര്‍ സംശയം ഉന്നയിച്ചു. അപകടം നടക്കുമ്പോള്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് കോറമണ്ഡല്‍ എക്‌സ്പ്രസ് ചരക്കുവണ്ടിയിലേക്ക് ഇടിച്ചുകയറിയത്. ഈ കൂട്ടിയിടിയില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 3 ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ട്രെയിനിലേക്ക് വീണതോടെ നേര്‍വഴിയില്‍ പോയ ഹൗറ സൂപ്പര്‍ഫാസ്റ്റും അപകടത്തില്‍പെടുകയായിരുന്നു.
തകര്‍ന്ന ബോഗികള്‍ക്കുള്ളില്‍ നിന്നും ഏറെ ശ്രമപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം പുറത്തെടുത്തത്. പല മൃതദേഹവും തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ദക്ഷിണപൂര്‍വ റെയില്‍വെ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനിടെ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എസ്എംവിടി – ഹൗറ എക്‌സ്പ്രസില്‍ ഉണ്ടായിരുന്ന 33 യാത്രക്കാരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ഉള്ളതെന്നും ഇവരെല്ലാം ജനറല്‍ ബോഗിയില്‍ ഉള്ളവര്‍ ആണെന്നുമാണ് റെയില്‍വേ സ്ഥിരീകരിക്കുന്നത്. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. പരിക്ക് പറ്റിയവരിലോ മരിച്ചവരിലോ കര്‍ണാടക സ്വദേശികള്‍ ഇല്ലെന്നും റെയില്‍വേ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha

























