കമിതാക്കളെ കൊലപ്പെടുത്തി, കല്ല് ശരീരത്തോട് ചേർത്ത് കെട്ടി മുതലകൾ നിറഞ്ഞ നദിയിൽ ഉപേക്ഷിച്ചു: കൃത്യത്തിന് പിന്നിൽ പെൺകുട്ടിയുടെ പിതാവും, ബന്ധുക്കളും...

പ്രണയത്തെ എതിർത്ത വീട്ടുകാർ കമിതാക്കളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളിൽ ഭാരമുള്ള കല്ല് കെട്ടി മുതലകൾ നിറഞ്ഞ നദിയിൽ തള്ളി. പതിനെട്ടുകാരിയായ ശിവാനി തോമർ, ഇരുപത്തൊന്നുകാരനായ രാധേശ്യാം തോമർ എന്നിവരെയാണ് വെടിവച്ചു കൊന്ന് നദിയിൽ തള്ളിയത്. മധ്യപ്രദേശിലാണ് സംഭവം. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു
ശിവാനിയുടെയും കുടുംബത്തിന്റെയും അയൽ ഗ്രാമമായ ബാലുപുര സ്വദേശിയാണ് രാധേശ്യാം. രാധേശ്യാമിനെയും പെൺകുട്ടിയെയും കാണാനില്ലെന്നു വ്യക്തമാക്കി പിതാവ് നൽകിയ പരാതിയാണ് കൊലപാതകം വെളിച്ചത്തു കൊണ്ടുവന്നത്. ഇരുവരും കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്നും രാധേശ്യാമിന്റെ പിതാവ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇരുവരും ഒളിച്ചോടിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇവരെ കണ്ടതായി ഒരാൾ പോലും മൊഴി നൽകാതെ വന്നതോടെയാണ് പൊലീസിനു സംശയം തോന്നിയത്.
തുടർന്ന് ശിവാനിയുടെ പിതാവിനെയും ബന്ധുക്കളെയും പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇരുവരെയും കൊലപ്പെടുത്തിയതായി അവർ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. ജൂൺ മൂന്നിന് ഇരുവരെയും വെടിവച്ചു കൊന്നെന്നാണ് കുടുംബം പൊലീസിനു നൽകിയ മൊഴി. തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ വലിയൊരു കല്ലിൽക്കെട്ടി ചമ്പൽ നദിയിൽ ഒഴുക്കിയതായും മൊഴി നൽകി. മൃതദേഹം വീണ്ടെടുക്കാൻ രക്ഷാപ്രവർത്തകരുടെ സഹായം തേടിയിട്ടുണ്ട്.’ – പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























