ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കൊറോണ ധമനികളിലെ തടസ്സം നീക്കാനുള്ള ബൈപാസ് ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരായ കേന്ദ്ര ഏജന്‍സിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കൊറോണ ധമനികളിലെ തടസ്സം നീക്കാനുള്ള ബൈപാസ് ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരായ കേന്ദ്ര ഏജന്‍സിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ബാലാജിക്കെതിരായ ഹര്‍ജി മദ്രാസ് ഹൈകോടതിയിലുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. സുപ്രീംകോടതി അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് മദ്രാസ് ഹൈകോടതി വിധിക്കായി കാത്തിരിക്കാനായി ബെഞ്ച് ആവശ്യപ്പെട്ടു.
ജൂണ്‍ 13ന് ഇ.ഡി അറസ്റ്റ് ചെയ്ത സെന്തിലിനായി കുടുംബം സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി നിലനില്‍ക്കുന്നതല്ലെന്നും ആ ഹര്‍ജിയില്‍ ആശുപത്രി മാറ്റം അനുവദിച്ചത് തെറ്റാണെന്നും മേത്ത ബുധനാഴ്ച വാദിച്ചു. ഹൈക്കോടതി നടപടി നിയമവിരുദ്ധമാണെന്ന് വാദിച്ചപ്പോള്‍ സുപ്രീംകോടതിക്ക് അങ്ങനെ ഊഹിക്കാനാവില്ലെന്ന് ജസ്റ്റിസ് സുര്യകാന്ത് മറുപടി നല്‍കി.ഹേബിയസ് കോര്‍പസ് ഹരജിയില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റത്തിനുള്ള ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഇതോടെ ഇ.ഡിയുടെ റിമാന്‍ഡ് അര്‍ഥശൂന്യമായെന്നും മേത്ത തുടര്‍ന്നപ്പോള്‍, ഇക്കാര്യമെല്ലാം മദ്രാസ് ഹൈകോടതിയില്‍ ബോധിപ്പിക്കാന്‍ ബെഞ്ച് ആവശ്യപ്പെട്ടു. നിയമതത്ത്വങ്ങള്‍ക്ക് അനുസൃതമായി ഹൈകോടതി നീങ്ങുമെന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ തങ്ങള്‍ പരിശോധിക്കുമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ പൂര്‍ത്തിയായി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























