പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും ഒരേപ്പോലെ പ്രിയങ്കരൻ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപിയെ നിയോഗിക്കാൻ തന്നെയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം..!അട്ടിമറികൾ ഫലം കണ്ടില്ലെങ്കിൽ സുരേഷ് ഗോപി കേന്ദ്ര കാബിനെറ്റിൽ എത്തും

അടുത്ത പുനഃസംഘടനയിൽ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപിയെ നിയോഗിക്കാൻ തന്നെയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേരളത്തിൽ ചിലർ നടത്തുന്ന അട്ടിമറികൾ ഫലം കണ്ടില്ലെങ്കിൽ സുരേഷ് ഗോപി കേന്ദ്ര കാബിനെറ്റിൽ എത്തും. ഇതിന് വേണ്ടി മലയാളികളായ വി മുരളീധരനേയും രാജീവ് ചന്ദ്രശേഖറിനേയും മാറ്റുകയുമില്ല. ഇതോടെ അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയോടെ മൂന്ന് മലയാളികൾ മോദി സർക്കാരിൽ എത്താനുള്ള സാധ്യത തെളിയും. തൃശൂർ ലോക്‌സഭയിൽ സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കുന്നത്. മൂന്ന് കേന്ദ്ര മന്ത്രിമാർ അടുത്ത വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്കായി മത്സരിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
തിരുവനന്തപുരത്ത് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരമൻ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഇതിനൊപ്പം കേന്ദ്ര മന്ത്രിയായി മാറുന്ന സുരേഷ് ഗോപി തൃശൂരിൽ. ആറ്റിങ്ങലിൽ വി മുരളീധരനും. ഇതിനൊപ്പം പാലക്കാട് ആരെ മത്സരിപ്പിക്കണമെന്നതിലും ചർച്ച സജീവമാണ്. ബിജെപിയുടെ ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാറിനാണ് കൂടുതൽ സാധ്യത. എന്നാൽ ഈ നാല് സീറ്റിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക കേന്ദ്ര നേതൃത്വമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കും. സുരേഷ് ഗോപിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുമ്പോൾ പ്രധാന വകുപ്പും നൽകും. കേരളത്തിലെ വികസനത്തിൽ അതീവ താൽപ്പര്യത്തോടെ ഇടപെടൽ നടത്തുന്ന നേതാവെന്ന പ്രതിച്ഛായയിലേക്ക് സുരേഷ് ഗോപിയെ ഉയർത്താനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം.
അടുത്തവർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മന്ത്രിസഭ അഴിച്ചുപണിക്കു ബിജെപി തയ്യാറെടുക്കവെയാണ് സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് ഐ.എ.എൻ.എസ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തത്. സുരേഷ് ഗോപിയുടെ പേര് ചർച്ചകളിൽ സജീവമാണ്. അദ്ദേഹം മന്ത്രിയാകുമെന്ന് കഴിഞ്ഞവർഷവും അഭ്യൂഹമുണ്ടായിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപി തൃശൂർ ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്നത് വിജയസാധ്യത കൂട്ടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവർ കൂടിക്കാഴ്ച നടത്തിയതോടെയാണ് പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന സൂചന ശക്തമായത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിടുന്ന വെല്ലുവിളികൾ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ ചർച്ച ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം.
യോഗത്തിലെ ജെ.പി നഡ്ഡയുടെ സാന്നിധ്യമാണ് പാർട്ടിയിലും പുനഃസംഘടന ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയത്.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിമാരിൽ ചിലരെ പാർട്ടി ചുമതലകളിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. അതിനിടെയാണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നത്. സംസ്ഥാന നേതൃത്വങ്ങളിലടക്കം മാറ്റമുണ്ടായേക്കുമെന്ന സൂചനയുമുണ്ട്. ഇതിനിടെ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കാതിരിക്കാനുള്ള അട്ടിമറി ശ്രമങ്ങളുമുണ്ട്. കേരളത്തിലെ ചിലർ കേന്ദ്ര നേതൃത്വത്തിലെ ഒരു പ്രമുഖനെ കൊണ്ടാണ് ഇതിനുള്ള ശ്രമം നടത്തുന്നത്. ഇത് ഫലം കണ്ടില്ലെങ്കിൽ ആക്ഷൻ ഹീറോ കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പാണ്.
സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യാൻ അടുത്ത മാസം ആറിനു ഗുവാഹത്തിയിലും ഏഴിനു ഡൽഹിയിലും എട്ടിനു ഹൈദരാബാദിലും പാർട്ടി നേതൃയോഗം ചേരും. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് ദേശീയതലത്തിൽ സംഘടനാ പദവി നൽകുന്നതും പരിഗണനയിലുണ്ട്. തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ തീപാറുന്ന പോരാട്ടം നടത്താൻ ബിജെപി തയ്യാറെടുക്കുകയാണ്. വീണ്ടും മത്സരിക്കാനില്ലെന്ന നിലപാട് ടിഎൻ പ്രതാപൻ എംപി തിരുത്തിയതോടെ രണ്ടാം അങ്കത്തിനുള്ള ഒരുക്കവും തുടങ്ങി. മുന്മന്ത്രി വി എസ് സുനിൽകുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായി ഇടതുമുന്നണി മുന്നിൽ കാണുന്നത്.
പാർട്ടിക്ക് പുറത്ത് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ക്രിസ്ത്യൻ സഭകളുമായി രാഷ്ട്രീയമായി അടുക്കാനുള്ള നീക്കത്തിന്റെ പരീക്ഷണശാലയായും തൃശൂർ മണ്ഡലത്തെ ബിജെപി കാണുന്നുണ്ട്. അതിന് മുൻപേ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തി വോട്ടർമാർക്കിടയിൽ കൂടുതൽ ജനകീയമാക്കാനുള്ള വമ്പൻ പദ്ധതികളും പാർട്ടി ദേശീയ നേതൃത്വത്തിനുണ്ട്. ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാൻ ഇല്ലെന്നും നിയമസഭയാണ് താല്പര്യമെന്നും ടി എൻ പ്രതാപൻ നേരത്തെ പറഞ്ഞിരുന്നു. പരാജയ ഭീതി കാരണമെന്ന തോന്നൽ വോട്ടർമാർക്കിടയിൽ ഉണ്ടാകുമെന്ന ആശങ്ക കോൺഗ്രസ് നേതാക്കളും പങ്കുവെച്ചു. എല്ലാ സിറ്റിങ് എം പിമാരും മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് ലീഡേഴ്‌സ് മീറ്റിൽ ഉയർന്നത്തോടെ പ്രതാപൻ പാർട്ടിക്ക് വഴങ്ങി. എങ്കിലും പിൻവലിയാനുള്ള സാധ്യത പൂർണമായും മാറിയിട്ടുമില്ല. അങ്ങനെ വന്നാൽ വി ടി ബൽറാം ആകും കോൺഗ്രസിന്റെ സ്ഥാനാർത്ഥി.
മുൻ മന്ത്രി വി എസ് സുനിൽകുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടെങ്കിലും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തരുടെ പട്ടികയിൽ സുനിൽകുമാറിന് ഇടമില്ല. രാജ്യസഭാംഗം ബിനോയ് വിശ്വത്തെ മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളനാകില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശൂരിൽ പോര് കടുപ്പിക്കാനുള്ള ബിജെപി നീക്കം. ജനുവരിയിൽ പുനഃസംഘടനാ വാർത്തകൾ പ്രചരിച്ചപ്പോഴും സുരേഷ് ഗോപിയുടെ പേര് കേട്ടിരുന്നു. 2014ൽ ആദ്യ മോദി സർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത അദ്ദേഹം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാനിരിക്കുകയാണ്. 2019ൽ ലോക്സഭയിലേക്കും 2021ൽ നിയമസഭയിലേക്കും സുരേഷ് ഗോപി തൃശൂരിൽ മത്സരിച്ചിരുന്നു.
2024 ലോകസഭാ തിരഞ്ഞെുപ്പ് ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുടെ ഭാഗമായി തൃശൂർ കേന്ദ്രീകരിച്ച പ്രവർത്തനങ്ങളിലാണ് സുരേഷ് ഗോപി. മാസത്തിൽ രണ്ട് തവണയെങ്കിലും തൃശൂരിൽ എത്തുകയും പരിപാടികൾ സംഘടിപ്പിക്കുകയും പ്രമുഖരെ സന്ദർശിക്കുകയും ചെയ്യുന്നതിൽ സജീവമാണ്
https://www.facebook.com/Malayalivartha

























