ഗുജറാത്ത് കലാപ ഗൂഢാലോചന കേസ്... സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വയുടെ ജാമ്യാപേക്ഷ തള്ളിയ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു; നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാന്‍ വ്യാജ തെളിവുണ്ടാക്കിയെന്നതാണ് സെതല്‍വാദിനെതിരെയുള്ള ആരോപണം

ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് താത്ക്കാലിക ആശ്വാസം. 2002ലാണ് ഗുജറാത്ത് കലാപം നടന്നത്. ടീസ്റ്റയുടെ ജാമ്യാപേക്ഷ തള്ളിയ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഒരാഴ്ചയാണ് അറസ്റ്റില്‍ നിന്നും സുപ്രീം കോടതി സംരക്ഷണം അനുവദിച്ചിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കിയെന്നതാണ് സെതല്‍വാദിനെതിരെയുള്ള ആരോപണം.
സ്ഥിര ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ടീസ്റ്റ സെതല്‍വാദ് മേല്‍ക്കോടതിയെ സമീപിച്ചത്. ഉടന്‍ കീഴടങ്ങാനും ടീസ്റ്റയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി രണ്ടംഗ ബഞ്ചില്‍ ഭിന്നാഭിപ്രായം ഉടലെടുത്തതോടെ മൂന്നംഗ ബഞ്ചിന് വിടുകയായിരുന്നു. രണ്ടംഗ ബഞ്ചിലെ ജസ്റ്റിസ് അഭയ് എസ് ഓക ടീസ്റ്റയ്ക്ക് ജാമ്യം അനുവദിക്കണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രം വിയോജിപ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നാണ് ഇന്ന് രാത്രി 9.15ഓടെ മൂന്നംഗ ബഞ്ച് പ്രത്യേക സിറ്റിംഗിലൂടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജസ്റ്റിസ് ബി ആര്‍ ഗവായ്‌യുടെ നേതൃത്വത്തിലുള്ള ബഞ്ചായിരുന്നു ജാമ്യാപേക്ഷ പരിഗണിച്ചത്. പിന്നാലെ രാത്രി പത്ത് മണിയോടെ സുപ്രീം കോടതി ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
കേസില്‍ ടീസ്റ്റ സെതല്‍വാദിന് 2022ല്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഹമ്മദാബാദ് ഡിറ്റക്ഷന്‍ ഓഫ് ക്രൈം ബ്രാഞ്ച് (ഡിസിബി) നല്‍കിയ എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് 2022 ജൂണ്‍ 25 ന് ഗുജറാത്ത് പോലീസ് സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വെച്ച ശേഷം ജൂലൈ രണ്ടിന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ 2022 സെപ്തംബറില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും ഇവരെ വിട്ടയച്ചിരുന്നു.
https://www.facebook.com/Malayalivartha

























