ഞെട്ടലോടെ കോണ്‍ഗ്രസ്.... രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രക്ക് പിന്നാലെ ബിജെപി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കാലുമാറി; സോണിയ ഗാന്ധിയെ സേഫാക്കി; ആരോഗ്യപരമായ കാരണങ്ങളാലാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറാനുള്ള തീരുമാനമെടുത്തത്

കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രക്ക് പിന്നാലെ അസമില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ അസമിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി.
പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റും നോര്‍ത്ത് കരിംഗഞ്ചില്‍ നിന്നുള്ള എംഎല്‍എയുമായ കമലാഖ്യദേ പുര്‍കയസ്ത ബുധനാഴ്ച തന്റെ സ്ഥാനം രാജിവച്ച് ബിജെപി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിട്ടു. പിന്നാലെ മംഗല്‍ദോയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ബസന്ത ദാസും ബിജെപി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. നിലവിലെ സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാണെന്നും അതുകൊണ്ടാണ് പിന്തുണ നല്‍കാന്‍ ഞാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ പാര്‍ട്ടിയില്‍ തുടരുമെന്നും പുര്‍കയസ്ത പറഞ്ഞു.
എംഎല്‍എമാരുടെ തീരുമാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ഇത് സംസ്ഥാന സര്‍ക്കാരിനെ ശക്തിപ്പെടുത്തുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും പറഞ്ഞു. പാര്‍ട്ടി സംസ്ഥാന ഘടകം പ്രസിഡന്റ് ഭൂപന്‍ കുമാര്‍ ബോറയ്ക്ക് അയച്ച കത്തില്‍ പുര്‍ക്കയസ്ത തന്റെ സ്ഥാനം രാജിവച്ചതായും എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗമായി തുടരുന്നതായും അറിയിച്ചു. അടുത്ത ദിവസങ്ങളില്‍, കൂടുതല്‍ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ തന്റെ സര്‍ക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇത്തരം ആളുകളുടെ ഉള്ളിലിരിപ്പ് പുറത്തുവരുന്നത് കോണ്‍ഗ്രസിന് നല്ലതാണെന്ന് മാത്രമേ പറയാന്‍ കഴിയൂവെന്നും പാര്‍ട്ടിയുടെ സംസ്ഥാന ഇന്‍ചാര്‍ജ് ജിതേന്ദ്ര സിങ്ങിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എംഎല്‍എമാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ പറഞ്ഞു.
2022-ല്‍, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിന് സൗത്ത് കരിംഗഞ്ച് എംഎല്‍എ സിദ്ദിഖ് അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 29 സീറ്റുകള്‍ മാത്രമേ നേടിയിരുന്നുള്ളൂ. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ അതിന്റെ രണ്ട് നിയമസഭാംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ എണ്ണം 27 ആയി കുറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സോണിയ ഗാന്ധി ബുധനാഴ്ച (ഫെബ്രുവരി 14) രാജസ്ഥാനിലെ ജയ്പൂരിലെ സംസ്ഥാന അസംബ്ലിയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെലോട്ട്, ഗോവിന്ദ് സിംഗ് ദോതസ്ര എന്നിവരും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാല്‍ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറാനുള്ള തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു, അനാരോഗ്യം മൂലം തന്റെ ലോക്‌സഭാ മണ്ഡലം പതിവായി സന്ദര്‍ശിക്കുന്നത് സോണിയയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതേ തുടര്‍ന്നാണ് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്നത്. നേരത്തേ 2019 തെരഞ്ഞെടുപ്പില്‍ ഇത് തന്റെ അവസാന ലോക്സഭാ തെരഞ്ഞെടുപ്പായിരിക്കുമെന്ന് സോണിയ പറഞ്ഞിരുന്നു.
രാജ്യസഭയില്‍ നിന്നുള്ള സോണിയാ ഗാന്ധിയുടെ നാമനിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോണ്‍ഗ്രസ് നേതാവിന് എല്ലായ്പ്പോഴും രാജസ്ഥാനുമായി ബന്ധമുണ്ടെന്ന് പറഞ്ഞു. ''പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ബഹുമാനപ്പെട്ട ശ്രീമതി സോണിയാ ഗാന്ധിജിയെ പ്രഖ്യാപിച്ചതിനെ ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.'' ഒരു പോസ്റ്റില്‍ ഗെലോട്ട് പറഞ്ഞു.
https://www.facebook.com/Malayalivartha




















