പഞ്ഞിമിഠായിയുടെ നിര്‍മാണവും വില്‍പനയും നിരോധിച്ച് തമിഴ്നാട്

ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ഞിമിഠായിയുടെ നിര്‍മാണവും വില്‍പനയും നിരോധിച്ച് തമിഴ്നാട്. ഇന്ന് ആരോഗ്യമന്ത്രി സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയaത്തെ ചൊല്ലി കുറച്ച് ദിവസങ്ങളായി വലിയ വിവാദം തമിഴ്‌നാട്ടില്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഈ കടുത്ത തീരുമാനം. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും നേരത്തെ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്പിളുകള്‍ ചെന്നൈക്ക് സമീപമുള്ള സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. ഇവിടെ ഇതില്‍ തുണികള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയായ ' റോഡോമൈന്‍ ബി'യുടെ സാന്നിദ്ധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡോമൈന്‍ ബി മനുഷ്യര്‍ക്ക് ഹാനികരമാണ്. ഇത് പതിവായി കഴിക്കുന്നവര്‍ക്ക് കരള്‍ രോഗത്തിനും ക്യാന്‍സറിലേക്കും നയിക്കുമെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. പഞ്ഞിമിഠായിയില്‍ മാത്രമല്ല പല മിഠായികളിലും സ്വീറ്റ്‌സിലും റോഡോമൈന്‍ ബി അടങ്ങിയതായി ലാബ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha




















