18 വർഷം നീണ്ട കാത്തിരിപ്പിന് സമാപനം, അയോദ്ധ്യയ്ക്ക് പിന്നാലെ യുപിയിൽ മാറ്റൊരു ക്ഷേത്രം കൂടി ഉയരുന്നു, ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത് കഴിഞ്ഞ മാസം 22നാണ്. ഇതോടെ ക്ഷേത്രത്തിലേക്ക് ലക്ഷകണക്കിന് ഭക്തജനങ്ങളാണ് പ്രതിദിനം എത്തിച്ചേരുന്നത്. എന്നാൽ അയോദ്ധ്യയ്ക്ക് പിന്നാലെ യുപിയിൽ മാറ്റൊരു ക്ഷേത്രം കൂടി ഉയരുന്നു. യുപിയിലെ സംഭാലില്‍ ആണ് ക്ഷേത്രം ഒരുങ്ങുന്നത്. ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. രാവിലെ 10.30 ഓടെയായിരുന്നു ചടങ്ങുകൾ. ഭൂമി പൂജയായിരുന്നു ആദ്യം. ഇതിന് ശേഷം പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിട്ടത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കല്‍ക്കി ധാം പീതാധീശ്വർ ആചാര്യ പ്രമോദ് കൃഷ്ണൻ എന്നിവർക്കൊപ്പമെത്തിയ മോദി ക്ഷേത്രത്തിന്റെ മാതൃകയും അനാച്ഛാദനം ചെയ്തു. തുടർന്ന് പ്രധാനമന്ത്രി ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. 18 വർഷം നീണ്ട കാത്തിരിപ്പിനാണ് ഇന്നോട് കൂടി സമാപനം ആയതെന്ന് ശിലാസ്ഥാപന കർമ്മത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. ആചാര്യന്മാരുടെയും സന്യാസി വര്യന്മാരുടെയും സാന്നിദ്ധ്യത്തിൽ ക്ഷേത്രത്തിന്റെ ശിലാ സ്ഥാപന കർമ്മം നിർവ്വഹിക്കാൻ തനിക്ക് ഭാഗ്യമുണ്ടായി.
ഇന്ത്യൻ വിശ്വാസത്തിന്റെ പ്രധാന കേന്ദ്രമായി കൽക്കി ധാം മാറുമെന്നാണ് വിശ്വസിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്യാസിമാരും മതനേതാക്കളും പങ്കെടുത്തു. ആചാര്യ പ്രമോദ് കൃഷ്ണം അദ്ധ്യക്ഷനായ ശ്രീ കൽക്കി ധാം നിർമ്മാണ ട്രസ്റ്റാണ് ശ്രീ കൽക്കി ധാം ക്ഷേത്രം നിർമ്മിക്കുന്നത്.
അദേഹമാണ് ശിലാ സ്ഥാപന കർമ്മം നിർവ്വഹിക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ക്ഷേത്ര ചടങ്ങുകളിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തി ദിവസങ്ങൾക്ക് പിന്നാലെ ആചാര്യ പ്രമോദ് കൃഷ്ണത്തെ പാർട്ടി വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ് പുറത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി എത്തിയത് എന്നതും ശ്രദ്ധേയമാണ്.ശിലാ സ്ഥാപന കർമ്മം പൂർത്തിയാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
https://www.facebook.com/Malayalivartha




















