മമ്മൂട്ടി ഇറങ്ങിയിട്ടും ജഗന്‍ മോഹന്‍ റെഡ്ഡിക്ക് രക്ഷയുണ്ടെന്ന് തോന്നുന്നില്ല;യാത്ര ടു തകര്‍ന്നടിഞ്ഞത് പോലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തകരുമെന്ന് ചര്‍ച്ച,വൈ എസ് ശര്‍മ്മിള ആന്ധ്രയില്‍ ജഗന് നേരെ പോരിനിറങ്ങും കളിയാകെ മാറും,അമ്മയും സഹോദരിയും ജഗന് എതിരായത് വലിയ തിരിച്ചടി ഉണ്ടാക്കും,തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വീഴുമോ വാഴുമോ കാത്തിരുന്ന് കാണണം

ആന്ധ്രപ്രദേശില്‍ ഭരണമാറ്റം ഉണ്ടാക്കിയതില്‍ മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും ഒരു പങ്കുണ്ട്. അഞ്ചുവര്‍ഷം മുമ്പ് മമ്മൂട്ടി നായകനായ 'യാത്ര' എന്ന സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം പറഞ്ഞിരുന്നത് വൈഎസ് രാജശേഖര റെഡ്ഡി എന്ന ആന്ധ്രയിലെ രാഷ്ട്രീയ അതികായന്റെ കഥയായിരുന്നു. ചിത്രത്തില്‍ വൈഎസ്ആര്‍ ആയി മമ്മൂട്ടി കത്തിക്കയറി. തുടര്‍ന്ന് വൈ എസ് ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസും അവിടെ ജയിച്ചുകയറി. വീണ്ടും ഒരു തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജഗന് സമയം ശരിയല്ല. വൈഎസ്ആര്‍ കുടുംബത്തിലെ പടലപ്പിണക്കങ്ങള്‍മൂലം അമ്മയും സഹോദരിയും അദ്ദേഹത്തിനെതിരെ നില്‍ക്കുകയാണ്. വിജയത്തിലേക്കുള്ള വഴി വെട്ടിത്തെളിക്കാന്‍ മമ്മൂട്ടിയെ വെച്ച് യാത്ര ടു എടുത്തു. എന്നാല്‍ പരാജയമായിരുന്നു കാത്തിരുന്നത്. സിനിമ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.
മമ്മൂട്ടിയും തമിഴ് താരം ജീവയും പ്രധാനവേഷത്തില്‍ എത്തിയ തെലുങ്ക് ചിത്രമാണ് യാത്ര 2. ബോക്‌സ് ഓഫീസില്‍ ചിത്രം മൂക്കുംകുത്തി വീണുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഫെബ്രുവരി 8ന് റിലീസായ ചിത്രം 50 കോടിയിലേറെ ചെലവാക്കിയാണ് എടുത്തത്. പക്ഷേ മുടക്കുമുതലിന്റെ 20 ശതമാനം പോലും ചിത്രം നേടിയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയോടെ തന്നെ ചിത്രം ഏതാണ്ട് തീയറ്ററുകള്‍ വിട്ട അവസ്ഥയാണ്. ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷന്‍ ഇന്ത്യയില്‍ 5.55 കോടിയാണ് എന്നാണ് സാക്‌നില്‍ക്.കോം കണക്കുകള്‍ പറയുന്നത്. റിലീസ് ദിവസം ഒഴികെ ചിത്രം ഒരിക്കലും ഒരുകോടി കളക്ഷന്‍ പോലും കടന്നില്ല. ആഗോളതലത്തിലെ കളക്ഷന്‍ കൂടി കൂട്ടിയാല്‍ ചിത്രം 8 കോടിയാണ് നേടിയത് എന്നാണ് കണക്കുകള്‍.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആര്‍ ജഗന്മോഹന്റെ അധികാരത്തിലേക്കുള്ള വരവാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. വരുന്ന ആന്ധ്ര പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് പൊതുവില്‍ സംസാരം. എന്നാല്‍ തെലുങ്ക് പ്രേക്ഷകര്‍ ചിത്രത്തെ ഒരു തരത്തിലും സ്വീകരിച്ചില്ല. രണ്ടാം ഭാഗത്തില്‍ നായകന്‍ മമ്മൂട്ടിയല്ല. നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗന്മോഹന്‍ റെഡ്ഡിയുടെ വേഷം ചെയ്ത നടന്‍ ജീവയാണ് നായകന്‍. തിരക്കഥയും സംവിധാനവും മഹി വി രാഘവിന്റേതാണ്. മമ്മൂട്ടിയും യാത്ര രണ്ടില്‍ നിര്‍ണായകമായ രംഗങ്ങളില്‍ ഉണ്ടാകുമെങ്കിലും വൈ എസ് ജഗന്മോഹന്‍ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകന്‍. യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിന്‍ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്, സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടിരുന്നു. സംഗീതം നല്‍കിയത് കെയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യന്‍ സൂര്യനാണ്. വിതരണം ശിവ മേക ആയിരുന്നു. എന്നാല്‍ യാത്ര ഒന്നിന്റെ ഏഴയലത്ത് എത്താന്‍ രണ്ടാം ഭാഗത്തിന് ആയില്ല. ഇതും ജഗന്റെ ആസന്നമായ പതനിത്തിന്റെ സൂചനയാണെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.
ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് കടുത്ത വെല്ലുവിളിയാണ് ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. തെലുങ്കാനയില്‍ വിജയം നേടിയ കോണ്‍ഗ്രസ് ആന്ധ്രയിലും തിരിച്ചുവരവിന്റെ ഘട്ടത്തിലാണ്. അതിനിടെ അമ്മ വിജയമ്മയും, മൂത്ത സഹോദരി ശര്‍മ്മിളയും ജഗനോട് ഉടക്കി, തിരികെ കോണ്‍ഗ്രസില്‍ എത്തി. തീപ്പൊരി പ്രാസംഗിക കൂടിയായ ശര്‍മ്മിളയാവും ഇനി ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ മുഖം. ഇതോടെ വൈ എസ് ആറിന്റെ അനന്തരവകാശി താന്‍ മാത്രമാണ് എന്ന ജഗന്റെ നിലപാടിനാണ് അടിയേറ്റിരിക്കുന്നത്.
അധികാരം കിട്ടിയതോടെ ജഗന്‍ തികച്ചും സേഛ്വാധിപതിയായി. ദൃഷ്ടി പതിയുന്നിടം എല്ലാം തന്റെ സ്വന്തമാണ് എന്ന് പറയുന്ന ആറാം തമ്പുരാനിലെ ജഗന്നാഥനോട് ഉപമിക്കാന്‍ കഴിയുന്ന കഥാപാത്രമാണ് നിലവിലെ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. നല്ല വസ്തുക്കളെല്ലാം അദ്ദേഹം സ്വന്തമാക്കും. ശതകോടികളുടെ അഴിമതിയാണ് അദ്ദേഹം നടത്തിയത് എന്ന് ആരോപണമുണ്ട്. കടപ്പയിലെ സിറാമിക്‌സ് തൊട്ട് ഖനികള്‍ വരെ ഇന്ന് ജഗന്റെ അധീനതയിലാണ് നടന്നത്. ഇതെല്ലാം മുലം മനം മടുത്താണ്, ജഗനെ അധികാരത്തിലേറ്റിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അമ്മ വിജയമ്മയും, മൂത്ത സഹോദരരി ശര്‍മ്മിളയും, കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha





















