ഹിന്ദി അടിച്ച് ഏല്പിക്കാൻ ഐ.സി.എം.ആർ ; അടിയന്തരഘട്ടങ്ങളിൽ മാത്രം ഇംഗ്ലീഷ് ബാക്കി എല്ലാം ഹിന്ദിയിൽ മതി; ഓഫീസുകളിലെ സോഫ്റ്റ്‌വേറുകളിൽ ‘ദേവനാഗരിക’ ലിപി വേണമെന്നും നിർദേശം

ഹിന്ദി ഭാഷ കർശനമായി അടിച്ചേൽപ്പിക്കുന്നുവെന്ന വിവാദങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നതിനിടെ ഐ.സി.എം.ആറിന്റെ പുതിയ നീക്കം. ഔദ്യോഗിക ഭാഷ ഹിന്ദിയായതിനാൽ പൊതു അറിയിപ്പുകൾ, വിജ്ഞാപനങ്ങൾ, പത്രക്കുറിപ്പുകൾ, ടെൻഡർ-കോൺട്രാക്ട് ഫോമുകൾ, കരാറുകൾ, ലൈസൻസ് തുടങ്ങി മെഡിക്കൽ ഗവേഷണ ദേശീയ കൗൺസിലുമായി (ഐ.സി.എം.ആർ.) ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങൾക്കും ഹിന്ദി ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം. ഐ.സി.എം.ആർ. ഡെപ്യൂട്ടി ഡയറക്ടർ മനീഷ് സക്‌സേനയുടേതാണ് നിർദേശം. അടിയന്തരഘട്ടങ്ങളിൽ മാത്രം ഇംഗ്ലീഷ് ഉപയോഗിക്കാം.
ലെറ്റർ ഹെഡുകൾ, നോട്ടീസ് ബോർഡ് തുടങ്ങിയവയിലെല്ലാമുള്ള എഴുത്തുകൾക്കും ഹിന്ദിയും ഇംഗ്ലീഷും മാത്രം ഉപയോഗിക്കണം. കൗൺസിലിന്റെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെട്ട എ, ബി, മേഖലയുമായുള്ള ആശയവിനിയമം ഹിന്ദിയിലായിരിക്കണം. സംസ്ഥാനങ്ങളിൽനിന്ന് ഇംഗ്ലീഷിലാണ് കത്തുകൾ ലഭിക്കുന്നതെങ്കിലും മറുപടി ഹിന്ദിയിൽ നൽകണം.
നിയമനം സംബന്ധിച്ച ബയോഡേറ്റ, അഭിമുഖം തുടങ്ങിയവയെല്ലാം ഉദ്യോഗാർഥികൾ ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദിയിൽ സമർപ്പിക്കണം. ഹിന്ദി ദിനപത്രങ്ങളിൽ ഹിന്ദിയിൽതന്നെ പരസ്യങ്ങൾ നൽകണം. ഓഫീസുകളിലെ സോഫ്റ്റ്‌വേറുകൾ ‘ദേവനാഗരിക’ ലിപിയിലായിരിക്കണമെന്നും നിർദേശത്തിലുണ്ട്.
https://www.facebook.com/Malayalivartha





















