പ്രശസ്ത ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു... കുടുംബാംഗങ്ങളാണ് മരണ വിവരം പുറത്തുവിട്ടത്

പ്രശസ്ത ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. കുടുംബാംഗങ്ങളാണ് മരണ വിവരം പുറത്തുവിട്ടത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. ഇന്നു രാവിലെ 11 മണിയോടെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഗസല്‍ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠനേടി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ഫരീദയാണ് പങ്കജ് ഉധാസിന്റെ ഭാര്യ.
ഗസല്‍ രംഗത്തെ അതികായനായി അറിയപ്പെടുന്ന പങ്കജ് ഉധാസ് പിന്നണി ഗാനരംഗത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. മഹേഷ് ഭട്ടിന്റെ നാമിലെ ചിട്ടി ആയി ഹെ ഉള്‍പ്പെടെ ഒട്ടേറെ ഹിറ്റുകള്‍ അദ്ദേഹത്തിന്റേതായുണ്ട്.
1986ല്‍ പുറത്തിറങ്ങിയ 'നാം' എന്ന ചിത്രത്തിലൂടെയാണ് പങ്കജ് പിന്നണി ഗായകന്‍ എന്ന നിലയില്‍ ബോളിവുഡില്‍ ചുവടുറപ്പിച്ചത്. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡ് പിന്നണിഗാനരംഗത്ത് പുതിയൊരു പാത തന്നെ വെട്ടിത്തുറന്നു. അപ്പോഴും ഗസലിനോടു തന്നെയായിരുന്നു ഉധാസിന്റെ ആദ്യ പ്രണയം. 1980ലാണ് പങ്കജിന്റെ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറങ്ങിയത്. 'ആഹട്' എന്നായിരുന്നു ഇതിന്റെ പേര്. 1990ല്‍ വെല്‍വെറ്റ് വോയ്സ് പുറത്തിറക്കിയ 'റൂബായി' ഗസല്‍ പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമായി.
പങ്കജിന്റെ സംഗീതയാത്രകള്‍ വിദേശരാജ്യങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 'ചിട്ടി ആയി ഹേ' എന്ന ഗസല്‍ മറുനാടുകളിലുള്ള ഇന്ത്യക്കാരെ ഏറെ ആകര്‍ഷിച്ചു. ഇന്ത്യന്‍ ജീവിതത്തെക്കുറിച്ച് ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തിയ ഗസലായിരുന്നു അത്.
https://www.facebook.com/Malayalivartha





















