തക്കതായ കാരണമില്ലാതെ ഭാര്യ ഭര്‍ത്താവിനൊപ്പം താമസിക്കുന്നില്ലെങ്കില്‍ ജീവനാംശം ചോദിക്കാന്‍ ഭാര്യയ്ക്ക് അര്‍ഹതയില്ലെന്ന് കോടതി
തക്കതായ കാരണമില്ലാതെ ഭാര്യ ഭര്‍ത്താവിനൊപ്പം താമസിക്കുന്നില്ലെങ്കില്‍ ജീവനാംശം ചോദിക്കാന്‍ ഭാര്യയ്ക്ക് അര്‍ഹതയില്ലെന്ന് കോടതി. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട ജീവനാംശത്തില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി. ജസ്റ്റിസ് സുഭാഷ് ചന്ദ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഭാര്യയും അവളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടിവരും. അമിത് കുമാര്‍ കച്ചപ് എന്നയാള്‍ ഭാര്യ സംഗീത ടോപ്പോയുടെ ജീവനാംശത്തിനായി പ്രതിമാസം നിശ്ഛിത തുക നല്‍കണമെന്ന റാഞ്ചി കുടുംബ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
രണ്ട് കക്ഷികളും ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ വിധി. സംഗീത യാതൊരു കാരണങ്ങളുമില്ലാതെ അമിത്തുമായി വേര്‍പിരിഞ്ഞ് താമസിക്കുന്നുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. അതിനാല്‍, 1973-ലെ ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 125 (4) പ്രകാരം മെയിന്റനന്‍സ് അലവന്‍സിന് അര്‍ഹതയില്ല. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഗീത ഭര്‍തൃ വീട്ടില്‍ നിന്ന് പോയെന്നും തിരികെ വന്നില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി മനസിലാക്കി. സ്ത്രീധന പീഡനം ആരോപിച്ച് ഭര്‍ത്താവ് അമിത് കുമാര്‍ കച്ചപ്പിനെതിരെ റാഞ്ചി കുടുംബ കോടതിയില്‍ അവര്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
2014ലാണ് ഇവരുടെ വിവാഹം കഴിയുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ പോയപ്പോള്‍ കാറും ഫ്രിഡ്ജും എല്‍ഇഡി ടിവിയും ഉള്‍പ്പെടെ സ്ത്രീധനം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സംഗീത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മദ്യലഹരിയിലാണ് ഭര്‍ത്താവ് അവളോട് മോശമായി പെരുമാറുന്നത്. തന്റെ ഭര്‍ത്താവിന് ഒരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്നും അവര്‍ ആരോപിച്ചു. എല്ലാ ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍, ഭര്‍ത്താവ് അമിത് കച്ചപ്പ് പ്രതിമാസം നിശ്ചിത തുക തനിക്ക് നല്‍കണമെന്ന് സംഗീത ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച റാഞ്ചി കോടതി സംഗീതയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. 2017 ഒക്ടോബര്‍ 30 മുതല്‍ അമിത് കച്ചപ്പ് ഭാര്യക്ക് എല്ലാ മാസവും പണം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.
ഈ വിധിയ്‌ക്കെതിരെ അമിത്, ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി നല്‍കി. വിവാഹശേഷം ഭാര്യ ജംഷഡ്പൂരിലെ വീട്ടില്‍ ഒരാഴ്ചയോളം താമസിച്ചു. ഇതിന് ശേഷം കുറച്ച് ദിവസത്തേക്ക് കുടുംബത്തെ സേവിക്കാനെന്ന പേരില്‍ റാഞ്ചിയിലേക്ക് പോയി. 15 ദിവസത്തിനകം തിരികെയെത്തുമെന്ന് പറഞ്ഞെങ്കിലും പലതവണ ആവശ്യപ്പെട്ടിട്ടും തിരിച്ചെത്തിയില്ല. എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തില്‍, സംഗീത ടോപ്പോ തന്റെ വൈവാഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയിട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. അതിനാല്‍ ജീവനാംശം നേടാന്‍ സംഗീതയ്ക്ക് അര്‍ഹതയില്ലെന്ന് കോടതി വിലയിരുത്തി. ഇത്തരത്തില്‍ അമിത് കച്ചപ്പിന് ഇളവ് നല്‍കി ജാര്‍ഖണ്ഡ് ഹൈക്കോടതി റാഞ്ചി കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു
https://www.facebook.com/Malayalivartha