തമിഴ്‌നാട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട... ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 108 കോടി രൂപ വിലമതിക്കുന്ന 99 കിലോ ഗ്രാം ഹാഷിഷ് പിടികൂടി

തമിഴ്‌നാട്ടില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡിആര്‍ഐ) ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതരും ചേര്‍ന്ന് ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 108 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 99 കിലോ ഗ്രാം ഹാഷിഷ് പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. മുഖ്യപ്രതിയടക്കം നാലുപേരെ ഡിആര്‍ഐ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. മണ്ഡപം തീരത്തിനടുത്തുള്ള തീരദേശ പാത വഴി ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി ഡിആര്‍ഐക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റാക്കറ്റ് വലയിലായത്.
കള്ളക്കടത്തിന്റെ സൂത്രധാരനെ പിന്നീട് അദ്ദേഹത്തിന്റെ വീട്ടിയില്‍ നിന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് തീരദേശ പാതയിലൂടെ മയക്കുമരുന്ന് കടത്തുന്നതില്‍ ഇയാള്‍ പ്രധാന പങ്കുവഹിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. നാല് പ്രതികളും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
മാര്‍ച്ച് 4 നും 5 നും ഇടയ്ക്കുള്ള രാത്രിയില്‍ ഡിആര്‍ഐ ചെന്നൈ സോണ്‍ ഉദ്യോഗസ്ഥര്‍ ഒരു കെണി വയ്ക്കുകയും ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന ബോട്ട് തടയുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ബോട്ടും നിരോധിത വസ്തുക്കളും മണ്ഡപം കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനില്‍ എത്തിച്ചു. ബോട്ടിലെ ചാക്കില്‍ പാമ്പന്‍ തീരപ്രദേശത്തുള്ള ഒരാളില്‍ നിന്ന് ലഭിച്ച മയക്ക് മരുന്നാണ് ഉണ്ടായിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ആഴക്കടലില്‍ വെച്ച് ശ്രീലങ്കയില്‍ നിന്നുള്ള അജ്ഞാതര്‍ക്ക് ഇവര്‍ കള്ളക്കടത്ത് കൈമാറേണ്ടതായിരുന്നു.
https://www.facebook.com/Malayalivartha





















