'പി' മാറി 'ബി', സ്റ്റാലിന്‍റെ ചിത്രത്തിനൊപ്പം 'ബ്രൈഡ് ഓഫ് തമിഴ്നാട്, പോസ്റ്റര്‍ അമളിയില്‍ പുലിവാല് പിടിച്ച് ഡിഎംകെ

മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ആരാധന പ്രകടിപ്പിക്കാന്‍ നോക്കിയ ഡിഎംകെ പ്രവര്‍ത്തകരുടെ പോസ്റ്ററിൽ എട്ടിന്റെ പണി. ഇതിലെ അക്ഷരപ്പിഴവാണ് പാര്‍ട്ടിയെ ആകെ നാണംകെടുത്തിയത്. വലിയൊരു പുഷ്പഹാരമണിഞ്ഞ് നില്‍ക്കുന്ന സ്റ്റാലിന്‍റെ ചിത്രത്തിനൊപ്പം 'ബ്രൈഡ് ഓഫ് തമിഴ്നാട് എന്നു കൊടുത്തതാണ് പ്രശ്നമായത്. പ്രൈഡ് ഓഫ് തമിഴ്നാട് എന്നാണ് ഉദ്ദേശിച്ചതെങ്കിലും 'പി' മാറി 'ബി' ആയ അബദ്ധമായത് ആകെ ട്രോൾ ആയിരിക്കുന്നത്.
മുഖ്യമന്ത്രി സ്റ്റാലിനോടുള്ള ആരാധന പ്രകടിപ്പിക്കാൻ നോക്കിയ ചെന്നൈ ഷോലിംഗല്ലൂരിലെ ഡിഎംകെ പ്രവർത്തകരാണ് വെട്ടിലായത്. സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനടക്കമുള്ള ഡിഎംകെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. തിങ്കളാഴ്ചയാണ് പോസ്റ്റര്‍ എക്സില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ പോസ്റ്ററിനെ ട്രോളിക്കൊണ്ട് നിരവധി പോസ്റ്റുകളെത്തി. വധു സ്റ്റാലിനാണെങ്കില്‍ ആരാണ് വരനെന്നായിരുന്നു ചിലരുടെ ചോദ്യം. കിട്ടിയ അവസരം പ്രതിപക്ഷവും പാഴാക്കിയില്ല.
ബിജെപിയുടെയും എഐഎഡിഎംകെയുടെയും ട്രോൾ ആർമി ഏറ്റെടുത്തതോടെ പോസ്റ്റർ വൈറലായി. എംജിആറിന് പകരം അരവിന്ദ് സ്വാമിയുടെ ഫോട്ടോ വച്ചതിന് ഉദയനിധി ട്രോളിയതിലെ കലിപ്പ് കൂടി തീർക്കുംമട്ടിലാണ് എഐഎഡിഎംകെ പ്രവര്‍ത്തകരുടെ കമന്‍റുകള്‍.
അതേസമയം, ഐ.എസ്.ആര്‍.ഒ.യുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഡിഎംകെ നല്‍കിയ പരസ്യവും വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എം.കെ സ്റ്റാലിന്‍റെയും ചിത്രത്തിനു പിന്നില്‍ ചൈനീസ് പതാകയുള്ള റോക്കറ്റ് ഉള്‍പ്പെടുന്നതായിരുന്നു പരസ്യം. പ്രധാനമന്ത്രിയടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha





















