തമിഴക വെട്രി കഴകത്തിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്ന പദ്ധതി ആരംഭിച്ചു... തന്റെ പാര്‍ട്ടിയുടെ ആദ്യ അംഗത്വം എടുത്ത് വിജയ്

നടന്‍ വിജയ് ആരംഭിച്ച പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്ന പദ്ധതി ആരംഭിച്ചു. താരം തന്നെയാണ് ആദ്യ അംഗത്വമെടുത്തത്. ഫോണിലൂടെയും വെബ്സൈറ്റിലൂടെയും അംഗത്വമെടുക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ആദ്യ മണിക്കൂറില്‍ 20 ലക്ഷത്തില്‍പ്പരം ആളുകളാണ് അംഗത്വത്തിനായി വെബ്സൈറ്റ് സന്ദര്‍ശിച്ചത്.
ആദ്യമണിക്കൂറില്‍ തന്നെ 20 ലക്ഷത്തില്‍പ്പരം ആളുകള്‍ അംഗത്വത്തിനായി വെബ്സൈറ്റില്‍ കയറിയതോടെ സൈറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷക്കണക്കിന് ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. പാര്‍ട്ടിയില്‍ ചേരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാണ്. അതേസമയം തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഏപ്രിലില്‍ മധുരയില്‍ വെച്ച് നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കില്ലെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും വിജയ് നേരത്തേ വ്യക്തമാക്കിയിരുന്നു.രാഷ്ട്രീയത്തില്‍ സജീവമാകുന്നതോടെ സിനിമാ ജീവിതത്തോട് പൂര്‍ണമായും വിടപറയാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്.
വനിതാദിനം പ്രമാണിച്ച് കഴിഞ്ഞദിവസം വിജയ് തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ തമിഴക വെട്രി കഴകത്തിന്റെ പേരിലുള്ള ലെറ്റര്‍പാഡുകളില്‍ രണ്ട് അറിയിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന അടിസ്ഥാന തത്വം പിന്തുടരണമെന്നാണ് ഇതില്‍ ഒരു പോസ്റ്റില്‍ പറയുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നമുക്കൊരുമിച്ച് ചരിത്രം രചിക്കാമെന്നും ഇതില്‍ പറയുന്നു. 'പിറപോകും എല്ലാ ഉയിരുക്കും' എന്ന അടിക്കുറിപ്പിന് കീഴില്‍ താന്‍ നല്‍കിയ പ്രതിജ്ഞ വായിച്ച് തന്റെ രാഷ്ട്രീയ സംഘടനയില്‍ ചേരാന്‍ വിജയ് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതാണ് അടുത്ത പോസ്റ്റ്.ഇന്ത്യന്‍ ഭരണഘടനയിലും പരമാധികാരത്തിലും വിശ്വാസമുള്ള ഉത്തരവാദിത്തമുള്ള വ്യക്തിയായി ഞാന്‍ പ്രവര്‍ത്തിക്കുകയും എല്ലാവരുമായും ഐക്യവും സാഹോദര്യവും മതസൗഹാര്‍ദ്ദവും സമത്വവും നിലനിര്‍ത്തുകയും ചെയ്യും.
മതേതരത്വത്തിന്റെയും സാമൂഹിക നീതിയുടെയും പാതയില്‍ സഞ്ചരിക്കുമെന്നും എപ്പോഴും ഒരു പൊതുപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ജാതി മതം, ലിംഗഭേദം, ജന്മസ്ഥലം എന്നിവയുടെ പേരിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കുക, ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുക. തുല്യ അവകാശങ്ങള്‍ക്കായി ഞാന്‍ പരിശ്രമിക്കും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഞാന്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ഉറപ്പിക്കുന്നു. പ്രതിജ്ഞയിലെ വാചകങ്ങള്‍ ഇങ്ങനെ.
https://www.facebook.com/Malayalivartha





















