ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിച്ചുകൊണ്ട് ലക്ഷദ്വീപില്‍ ഐ.എന്‍.എസ്. ജടായു

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിച്ചുകൊണ്ട് ലക്ഷദ്വീപില്‍ ഐ.എന്‍.എസ്. ജടായു ചിറക് വിരിച്ചു ... അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനൊപ്പം ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നിരീക്ഷണം ശക്തമാക്കുന്നതില്‍ ഇന്ത്യ എന്നും ജാഗരൂഗരാണ്. മേഖലയിലെ പ്രധാന ശക്തി എന്ന നിലയില്‍ സമുദ്രമേഖലയില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനമാണ് ഇന്ത്യ എന്നും കാഴ്ചവെയ്ക്കുന്നത്. അത് മനസ്സില്‍ വെച്ചുകൊണ്ടാണ് ഇന്ത്യന്‍ നാവികസേന മിനിക്കോയ് ദ്വീപില്‍ പുതിയ നാവികത്താവളം കമ്മീഷന്‍ ചെയ്തത്. രാപകല്‍ വ്യത്യാസമില്ലാതെ യുദ്ധവിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമുള്ള എയര്‍ സ്ട്രിപ്പും യുദ്ധക്കപ്പലുകള്‍ക്കായുള്ള പ്രത്യേക തുറമുഖവും ഉള്‍പ്പെടെയാണ് മിനിക്കോയിയിലെ രണ്ടാമത്തെ നാവികത്താവളം ഉയർന്നിരിക്കുന്നത്
ഇന്ത്യന്‍ മഹാസമുദ്രത്തിലെ സ്ഥാനം കണക്കിലെടുത്താല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമാണ് ലക്ഷദ്വീപിനുള്ളത്.
ലക്ഷദ്വീപ് ദ്വീപസമൂഹത്തിന്റെ തെക്കേഅറ്റത്ത് സ്ഥിതി ചെയ്യുന്ന മിനിക്കോയ് ദ്വീപിനും തന്ത്രപ്രധാന സ്ഥാനമാണുള്ളത്. സമീപ രാജ്യമായ മാലദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹല്‍ (Mahal) ഭാഷയാണ് മിനിക്കോയ് ദ്വീപില്‍ സംസാരിക്കപ്പെടുന്നത്. സാംസ്‌കാരികമായും ലക്ഷദ്വീപിനേക്കാള്‍ മാലദ്വീപിനോടാണ് സാമ്യം.
മാലദ്വീപിന്റെ തലസ്ഥാനമായ മലിയിലേക്കും മാലദ്വീപിന്റെ വടക്കന്‍ ദ്വീപുകളിലേയ്ക്കും മിനിക്കോയിയില്‍ നിന്ന് കുറഞ്ഞ ദൂരം മാത്രമാണുള്ളതും. വാണിജ്യക്കപ്പലുകളുടെ തിരക്കേറിയ പാതയായ ഒൻപത് ഡിഗ്രി കപ്പല്‍ച്ചാലിലാണ് മിനിക്കോയ് സ്ഥിതി ചെയ്യുന്നത്. ഒൻപത് ഡിഗ്രി ചാനല്‍ മിനിക്കോയ് ദ്വീപിനെ ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ മറ്റു ദ്വീപുകളില്‍ നിന്നും വേര്‍ത്തിരിക്കുമ്പോള്‍, എട്ട് ഡിഗ്രി ചാനല്‍ മിനിക്കോയി ദ്വീപിനേയും മാലദ്വീപിനേയും വേര്‍തിരിക്കുന്നു. ലോകത്തിലെ പ്രധാന സമുദ്രപാതകളാണ് എട്ട് ഡിഗ്രി ചാനലും ഒൻപത് ഡിഗ്രി ചാനലും. സൂയസ് കനാല്‍, പേര്‍ഷ്യന്‍ ഗള്‍ഫ് എന്നിവിടങ്ങളില്‍നിന്നും തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും പസഫിക് രാജ്യങ്ങളിലേക്കും കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകള്‍ കടന്നുപോകുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ 9 ഡിഗ്രി, 10 ഡിഗ്രി ചാനലുകള്‍ വഴിയാണ്.
9 ഡിഗ്രി ചാനലില്‍ മിനിക്കോയ്, അഗത്തി ദ്വീപുകളും 10 ഡിഗ്രി ചാനലില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുമാണ് സ്ഥിതിചെയ്യുന്നത്. ഈ സമുദ്ര വ്യാപാരപാതയിലെയും അറബിക്കടലിലേയും സുരക്ഷയുടെ കാര്യത്തില്‍ ജടായു നാവികത്താവളത്തിന് സുപ്രധാന പങ്ക് വഹിക്കാനാകും
https://www.facebook.com/Malayalivartha






















