പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തില്‍.... പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈനിലൂടെ മാത്രം.....വിദ്യാഭ്യാസം നേടാനും, വ്യാപാര സ്വാതന്ത്ര്യത്തിനും, വസ്തുവകകള്‍ വാങ്ങാനും പൗരത്വം നേടുന്നവര്‍ക്ക് അവകാശമുണ്ടാകും, മതപരമായതും സാമൂഹികമായതുമായ അവകാശങ്ങള്‍ നിലനിര്‍ത്തും

പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തില്‍. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങള്‍ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക.
ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോര്‍ട്ടല്‍ സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ തോതില്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായതായിരുന്നു പൗരത്വ നിയമ ഭേദഗതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ വിഷയത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം. കേരളത്തില്‍ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.
വിഷയം വീണ്ടും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തടക്കം മുഖ്യ പ്രചാരണ വിഷയമാകും. അതിനിടെ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും അനുകൂലിച്ചും രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കൊവിഡ് കാരണമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ നടപടി ക്രമങ്ങള്‍ വൈകിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മൂന്ന് രാജ്യങ്ങളില്‍ നിന്ന് പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് നിയമമെന്നും അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസത്തിനുള്ള നിയമ തടസങ്ങള്‍ നീങ്ങുമെന്നും സര്‍ക്കാര്‍ പറയുന്നു. ഇന്ത്യാക്കാര്‍ക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ച് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha






















