പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍...തമിഴ്നാട്ടിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കും എതിരാണ് സിഎഎ

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) ഒരു തരത്തിലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്നാട്ടിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കും എതിരാണ് സിഎഎയെന്നും അദ്ദേഹം പറഞ്ഞു.
'പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം തിടുക്കത്തില്‍ സി.എ.എ നടപ്പാക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് കേവലം ഭരണഘടനയ്ക്കെതിരായല്ല, നാനാത്വത്തിനും മതേതരത്വത്തിനും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും തമിഴ്നാട്ടിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴര്‍ക്കും എതിരാണ്, ''മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ അവരെ ഉചിതമായ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎംകെ സര്‍ക്കാര്‍ തമിഴ്നാട് നിയമസഭയില്‍ സിഎഎ പിന്‍വലിക്കാന്‍ പ്രമേയം കൊണ്ടു വന്നെന്നും കേന്ദ്രത്തിന് അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാനും ജനങ്ങളെ വഴിതിരിച്ചുവിടാനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ സിഎഎയെ വിജ്ഞാപനം ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
''ഈ നിയമം ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കും. ഈ നിയമം അനാവശ്യമാണെന്നും അത് ഇല്ലാതാക്കണമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. സംസ്ഥാനത്ത് സിഎഎ നടപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുവദിക്കില്ല. ഇന്ത്യയുടെ ഐക്യത്തെ ബാധിക്കുന്ന ഒരു നിയമവും നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















