ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീഴ്ചയുടെ കാരണം ഇപ്പോഴും അജ്ഞാതം.... പൊലീസ് അന്വേഷണം നടത്തിയെങ്കിലും യഥാർത്ഥ കാരണം കണ്ടെത്തിയിട്ടില്ല...

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീഴ്ചയുടെ കാരണം ഇപ്പോഴും അജ്ഞാതം. പൊലീസ് അന്വേഷണം നടത്തിയെങ്കിലും യഥാർത്ഥ കാരണം കണ്ടെത്തിയിട്ടില്ല. മമതയുടെ മൊഴി എടുക്കാൻ കഴിയില്ലെന്നതാണ് അന്വേഷണത്തെ ബാധിക്കുന്നത്. വീഴ്ചയിൽ മൂക്കിനും നെറ്റിക്കും ഗുരുതരപരിക്കേറ്റ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചു. അതിനിടെ ദുരൂഹതകളെല്ലാം തൃണമൂൽ കോൺഗ്രസ് തള്ളുകയാണ്.
പരിക്കേറ്റയിടങ്ങളിലെല്ലാം വേദന കുറഞ്ഞുവരുന്നതായും കൂടുതൽ വിശ്രമം നിർദ്ദേശിച്ചതായും ഡോക്ടർമാർ കൂട്ടിച്ചേർത്തു. കൊൽക്കത്ത എസ്.എസ്.കെ.എം. ആശുപത്രിയിലെ ഡോക്ടർമാർ മമതയെ വീട്ടിലെത്തി പരിശോധിച്ചു. കാളിഘട്ടിലെ വസതിയിൽ വ്യാഴാഴ്ച വൈകീട്ടാണ് മമത വീണത്. ഉടൻതന്നെ എസ്.എസ്.കെ.എം. ആശുപത്രിയിലെത്തിച്ച് മൂക്കിന് ഒരു തുന്നലും നെറ്റിക്ക് മൂന്ന് തുന്നലും ഇട്ടിരുന്നു.
ദീദിക്ക് തലകറക്കം വന്നെന്നും. തുടർന്ന് വീഴുകയായിരുന്നുവെന്നും തൃണമൂൽ കോൺഗ്രസ് പറയുന്നു. തലകറക്കത്തിന്റെ കാരണം കണ്ടെത്താനും ചികിൽസ നടക്കുന്നുണ്ടെന്ന് പാർട്ടി വിശദീകരിച്ചു. ആരും പിടിച്ചു തള്ളിയതല്ല അപകടകാരണമെന്നാണ് വിശദീകരണം. നേരത്തെ പുറകിൽ നിന്നും ആരെങ്കിലും തള്ളിയതാകും വീഴ്ചയ്ക്ക് കാരണമെന്ന തരത്തിൽ ഡോക്ടർ പ്രതികരിച്ചിരുന്നു. ഇതിനിടെ കുടുംബത്തിൽ നിന്നും പുറത്തു വന്ന വിശദീകരണവും അടിമുടി ദുരൂഹമായി. എന്നാൽ സംശയം വേണ്ടെന്നാണ് മമതയുടെ പാർട്ടി വിശദീകരിക്കുന്നത്.
മമതാ ബാനർജിക്ക് പരിക്കേറ്റ സംഭവത്തിൽ കൊൽക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ആരോ പിറകിൽ നിന്ന് തള്ളിയതായി തോന്നിയെന്ന് മമത ബാനർജി പറഞ്ഞുവെന്നതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. സംഭവത്തിന് കാരണം പിറകിൽ നിന്ന് തള്ളിയതാണെന്ന് എസ്എസ്‌കെഎം ആശുപത്രി ഡയറക്ടർ ഡോ. മൃൺമയ് ബന്ദോപാധ്യായ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും അത് തോന്നലായിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും തൃണമൂൽ വിശദീകരണത്തോടെ പൊലീസ് അന്വേഷണം നിലയ്ക്കും.
വ്യാഴാഴ്ച വൈകുന്നേരത്തോടെ വസതിയിലെ സ്വീകരണ മുറിയിൽ വീണ മമത ബാനർജിയുടെ നെറ്റി ഗ്ലാസ് ഷോക്കേസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മമത ബാനർജിയുടെ നെറ്റിയിലായി മൂന്ന് തുന്നലും മൂക്കിൽ ഒരു തുന്നലുമിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. സംഭവം നടക്കുമ്പോൾ മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, സഹോദര ഭാര്യ കാജരി ബാനർജി, കുറച്ച് ബന്ധുക്കൾ എന്നിവരാണ് വസതിയിലുണ്ടായിരുന്നത്.
ബംഗാളിലെ കാളിഘട്ടിലെ കുടുംബ വീട്ടിലാണ് മുഖ്യമന്ത്രിയായിട്ടും മമത ബാനർജി താമസിക്കുന്നത്. ഹരീഷ് ചാറ്റർജി സ്ട്രീറ്റിൽ ഇടത്തരക്കാരും സാധാരണക്കാരും താമസിക്കുന്ന റോഡിലാണ് മമതയുടെ ചെറിയ വീട്. ഓടിട്ട മേൽക്കൂര ചോർന്നൊലിച്ചതിനെ തുടർന്ന് കുറച്ച് വർഷങ്ങൾക്ക് മുൻപാണ് അറ്റകുറ്റപ്പണി ചെയ്തത്.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവിടെ നിന്നു മാറിതാമസിക്കാൻ പലതവണ പൊലീസ് അഭ്യർത്ഥിച്ചെങ്കിലും മമത സമ്മതിച്ചിരുന്നില്ല.മുഖ്യമന്ത്രിയുടെ വസതിക്ക് സുരക്ഷ കർശനമാക്കിയതായി കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ അറിയിച്ചു.
https://www.facebook.com/Malayalivartha






















