കാര്യങ്ങള്‍ മാറുന്നു... രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാര്‍ത്ഥിത്വത്തില്‍ വീണ്ടും അനിശ്ചിതത്വം; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം തുടരും; രാഹുല്‍ ഗാന്ധിയുടെ ശക്തി പരാമര്‍ശത്തെ വിടാതെ മോദി; ഇന്ത്യ മുന്നണിയുടെ ലക്ഷ്യം ഹിന്ദുമതത്തെ നശിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി

തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക കൊടുക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായില്ല. അതിനായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും. കഴിഞ്ഞ ദിവസം 10 സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ചക്കെടുത്തെങ്കിലും അന്തിമ രൂപമായില്ല. മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളെ കൂടി ഇന്നത്തെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.
രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ യുപി ഇന്നലെ ചര്‍ച്ചക്കെടുത്തിരുന്നില്ല. സംസ്ഥാനത്ത് സമാജ്വാദി പാര്‍ട്ടി 17 സീറ്റുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിരിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ - ഇന്ത്യ സഖ്യങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ശിവസേനയുമായി സീറ്റുകളില്‍ ധാരണയിലെത്താനാകാത്തതാണ് ഇരു സഖ്യത്തിലും പ്രഖ്യാപനം വൈകാന്‍ കാരണം.
മഹാവികാസ് അഘാഡിയില്‍ നിന്നും പ്രകാശ് അംബേദ്ക്കര്‍ പോയെങ്കിലും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് ആശ്വാസമായി. രാജ് താക്കറെയുടെ വരവോടെ പരമ്പരാഗത ശിവസേന വോട്ടുകള്‍ പിടിച്ചെടുക്കാം എന്ന ധാരണയിലാണ് ബിജെപി. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ സാഗ്ലിയില്‍ ശിവസേന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും ശിവസേനയുടെ കോട്ടയായ കോലാപൂരില്‍ ശാഹു മഹാരാജിനെ നിര്‍ത്തിയതും പ്രതിപക്ഷ നിരയില്‍ സീറ്റു വിഭജനം നീളുന്നതിന് ഇടയാക്കി.
ബാരാമതിയില്‍ ഷിന്‍ഡേ പക്ഷത്തുളള വിജയ് ശിവാത്രെ അജിത്ത് പവാറിന്റെ ഭാര്യ സുനേത്രയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മഹായുതിയിലും തര്‍ക്കത്തിനിടയാക്കി. ഇതിനിടെ അജിത്ത് പവാറും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ തത്കരെയും ദില്ലിയിലേക്ക് തിരിച്ചു. ബിജെപിയുമായി ചര്‍ച്ചകള്‍ തുടരാനാണ് ദില്ലി സന്ദര്‍ശനം.
അതേസമയം ഹിന്ദുമതത്തിന്റെ ശക്തി നശിപ്പിക്കുകയാണ് 'ഇന്ത്യ' മുന്നണിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ശക്തരായ ദേവതകളും സ്ത്രീ രൂപത്തിലാണ്. ശക്തി എന്നതിന് വലിയ അര്‍ത്ഥമുണ്ട്. എന്നാല്‍ ഡി.എം.കെയും കോണ്‍ഗ്രസും സനാതന ധര്‍മ്മത്തെ തകര്‍ക്കുമെന്ന് പറയുന്നു. ഇത് അനുവദിക്കാമോ? എന്ന് സേലത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോള്‍ മോദി ചോദിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ 'ശക്തി' പരാമര്‍ശത്തെ ഏറ്റുപിടിച്ചുകൊണ്ടായിരുന്നു തമിഴ്‌നാട്ടിലും മോദിയുടെ പ്രസംഗം. കര്‍ണ്ണാടകയിലേയും തെലങ്കാനയിലെ റാലികളിലും മോദി പ്രസംഗത്തില്‍ 'ശക്തി'യെ കൂട്ടുപിടിച്ചിരുന്നു. ഹിന്ദുവികാരത്തിനൊപ്പം തമിഴ്വികാരവും കൂട്ടിയിണക്കിയായിരുന്നു പ്രസംഗം.
കോട്ടമാരിഅമ്മനെ വണങ്ങിക്കൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. നാം ശക്തിയെ എങ്ങനെ ആരാധിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. കോട്ടയിലെ മാരിയമ്മന്‍ കവാടത്തില്‍ 'ഓം ശക്തി' എന്ന് എഴുതിയിരിക്കുന്നു. മറിയത്തെ നാം ശക്തിരൂപമായി ആരാധിക്കുന്നു. കാഞ്ചി കാമാക്ഷിയും മധുര മീനാക്ഷിയും ദേവിയുടെ ശക്തി രൂപങ്ങളാണ്. കന്യാകുമാരിയില്‍ ഒരു ശക്തിയെ ആരാധിക്കുന്നു. സമയപുരത്ത് മാരിഅമ്മനാണ് ശക്തയായ പ്രതിഷ്ഠ.
'ഇന്ത്യ' കൂട്ടുകെട്ട് അവസരം കിട്ടുമ്പോഴെല്ലാം ഹിന്ദു ധര്‍മ്മത്തെ ആവര്‍ത്തിച്ച് അവഹേളിക്കുന്നു. മറ്റൊരു മതത്തെയും അവര്‍ കുറ്റപ്പെടുത്തിയിട്ടില്ല. തൊട്ടിട്ടില്ല. എന്നാല്‍ അവര്‍ വീണ്ടും വീണ്ടും ഹിന്ദുമതത്തെ അപമാനിക്കുന്നു. ഹിന്ദുമതത്തിനെതിരായ പ്രത്യയശാസ്ത്രം അവര്‍ ആസൂത്രിതമായി സൃഷ്ടിക്കുകയാണ്. എല്ലാ അവസരങ്ങളിലും അവര്‍ ഹിന്ദുമതത്തെ അപമാനിച്ചുകൊണ്ടേയിരിക്കുന്നു. ഇത് എങ്ങനെ അനുവദിക്കും? പാര്‍ലമെന്റില്‍ തമിഴ്‌നാടിന്റെ സാംസ്‌കാരിക ചെങ്കോല്‍ സ്ഥാപിക്കുന്നതിനെതിരെ അവര്‍ രംഗത്ത് വന്നു. ചെങ്കോല്‍ കാണിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.ഡി.എം.കെയെ കുറിച്ച് പറഞ്ഞു തീര്‍ക്കാന്‍ ഒരു ദിവസം പോരാ. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ടാണ് ഇവര്‍ കൊള്ളയടിച്ചതെന്നും മോദി പറഞ്ഞു.
"
https://www.facebook.com/Malayalivartha






















