ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആറ് ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു... മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കില്ലെന്നും സര്‍ക്കാരിനെ ജയിലിനുള്ളില്‍ നിന്ന് നയിക്കുമെന്നും കെജ്രിവാള്‍

മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കില്ലെന്നും സര്‍ക്കാരിനെ ജയിലിനുള്ളില്‍ നിന്ന് നയിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജില്ലാ കോടതി ആറ് ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം. 'ഞാന്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. ആവശ്യമെങ്കില്‍ ഞാന്‍ സര്‍ക്കാരിനെ ജയിലില്‍ നിന്ന് നയിക്കും' അദ്ദേഹം പറഞ്ഞു.
ഡല്‍ഹി കോടതിയില്‍ മൂന്ന് മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷം പ്രത്യേക ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ മാര്‍ച്ച് 28 വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപേക്ഷയിലാണ് കോടതി ഉത്തരവ്. മദ്യ അഴിമതിക്കേസിലെ പ്രധാന ഗൂഢാലോചനക്കാരന്‍ കെജ്രിവാളാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചു.
ഡല്‍ഹി എക്സൈസ് നയം 2021-22 രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി 'സൗത്ത് ഗ്രൂപ്പില്‍' നിന്ന് കെജ്രിവാളിന് കോടിക്കണക്കിന് രൂപ കിക്ക്ബാക്ക് ലഭിച്ചതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചു. അതേസമയം, ഒരു സിറ്റിംഗ് മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് കെജ്രിവാളിന് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി പറഞ്ഞു.
https://www.facebook.com/Malayalivartha






















