"കേറ്ററിംഗ് കമ്പനിയിൽ നിന്നുണ്ടായ വീഴ്ച്ച", യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിൽ മറുപടിയുമായി എയർ ഇന്ത്യ

നിരന്തരം യാത്രക്കാരുടെ പഴി കേൾക്കുകയാണ് എയർ ഇന്ത്യ. വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കുക, സമയത്തിന് പുറപ്പെടാതിരിക്കുക, മോശം ഭക്ഷണം വിതരണം ചെയ്യുന്നു തുടങ്ങി യാത്രക്കാർക്ക് ഒരു തരത്തിലും യോജിച്ച് പോകാൻ കഴിയാത്ത പെരുമാറ്റമാണ് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കമ്പനിയുടെ കടുത്ത അനാസ്ഥ വെളിപ്പെടുത്തു മറ്റൊരു സംഭവം പുറത്തുവന്നിരുന്നു. യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയത് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടുകയാണ് എയർ ഇന്ത്യ. സംഭവത്തിൽ ഇപ്പോൾ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിമാനകമ്പനി.
കേറ്ററിംഗ് കമ്പനിയിൽ നിന്നുണ്ടായ വീഴ്ചയാണെന്നും സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്താതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്‌സിപീരിയൻസ് ഓഫീസർ രാജേഷ് ദോഗ്‌റ അറിയിച്ചു. പച്ചക്കറി മുറിച്ച ശേഷം ബ്ലേഡ് അറിയാതെ ഭക്ഷണത്തിൽ ഉൾപ്പെട്ടതാണെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.
ബാംഗ്ലൂർ-സാൻ ഫ്രാൻസിസ്‌കോ റൂട്ടിൽ സർവീസ് നടത്തുന്ന വിമാനത്തിൽ ജൂൺ 10നായിരുന്നു സംഭവം. മാതുറസ് പോൾ എന്ന യാത്രക്കാരനാണ് തനിക്ക് ഭക്ഷണത്തിൽ നിന്ന് ബ്ലേഡ് കിട്ടിയതായി കാട്ടി എക്‌സിൽ കുറിപ്പ് പങ്കു വച്ചത്. എയർ ഇന്ത്യയുടെ വിഭവങ്ങളുപയോഗിച്ച് സാധനങ്ങൾ മുറിക്കാമെന്നായിരുന്നു വിമർശനം. ബ്ലേഡിന്റെ ചിത്രമുൾപ്പടെ പോൾ പങ്കുവയ്ക്കുകയും ചെയ്തു. വായിലിട്ട ശേഷമാണ് ഭക്ഷണത്തിൽ ബ്ലേഡ് ഉണ്ടെന്ന് ഇദ്ദേഹം തിരിച്ചറിയുന്നത്. ഉടൻ തന്നെ തുപ്പി. തുടർന്ന് വിവരം ഫ്‌ളൈറ്റ് ജീവക്കാരെ അറിയിച്ചു.
ഇവർ ഉടൻ തന്നെ മാപ്പ് പറയുകയും മറ്റൊരു വിഭവവുമായി എത്തുകയും ചെയ്‌തെന്നാണ് പോൾ പറയുന്നത്. തന്റെ ഭാഗ്യത്തിന് അപകടമൊന്നും ഉണ്ടായില്ലെന്നും തന്റെ സ്ഥാനത്ത് ഒരു കുഞ്ഞായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്നും പോൾ എക്‌സിൽ പങ്കു വച്ച കുറിപ്പിൽ വിമർശനമുന്നയിച്ചു. പോസ്റ്റിൽ പോൾ എയർ ഇന്ത്യയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം എയർ ഇന്ത്യ തനിക്ക് കത്തെഴുതുകയും നഷ്ടപരിഹാരമായി "ലോകത്തിലെവിടെയും സൗജന്യ ബിസിനസ് ക്ലാസ് യാത്ര" വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ അദ്ദേഹം അത് നിരസിച്ചു. "അതൊരു കൈക്കൂലിയാണ്, ഞാൻ അത് സ്വീകരിക്കുന്നില്ല," എന്നാണ് പോൾ പറഞ്ഞത്.
അതേസമയം നഷ്ടപരിഹാരമായി എയർ ഇന്ത്യ കോംപ്ലിമെൻ്ററി ബിസിനസ് ക്ലാസ് വിമാനം വാഗ്ദാനം ചെയ്തുവെന്ന പോളിൻ്റെ അവകാശവാദത്തെക്കുറിച്ച് എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്‌സിപീരിയൻസ് ഓഫീസർ പ്രതികരിച്ചില്ല. വിമാനത്തിനുള്ളിലെ പ്രശ്‌നങ്ങളുടെ പേരിൽ എയർ ഇന്ത്യ മുമ്പും യാത്രക്കാരുടെ വിമർശനം നേരിട്ടിട്ടുണ്ട്. വൃത്തിഹീനമായ ക്യാബിനുകൾ, തെറ്റായ വിനോദ സംവിധാനങ്ങൾ, മോശം ഗുണനിലവാരമുള്ള ഭക്ഷണം എന്നിവയെക്കുറിച്ച് പരാതിപ്പെട്ട് ഒട്ടേറെ പേരാണ് സോഷ്യൽ മീഡിയയിൽ എത്താറുള്ളത്.
https://www.facebook.com/Malayalivartha