24 മണിക്കൂറിനുള്ളിൽ അസമിൽ കനത്ത മഴയെ തുടർന്ന് മരിച്ചത് അഞ്ച് പേർ; വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 84 ആയി...

അസമിൽ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 84 ആയി. 27 ജില്ലകളിലായി ഏകദേശം 1.439 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ നെമാതിഘട്ട്, തേസ്പൂർ, ഗുവാഹത്തി, ധുബ്രി എന്നിവിടങ്ങളിൽ അപകട സാധ്യത കൂടുതലാണ്. ബിഹാറിൽ വെള്ളിയാഴ്ച വളരെ ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഖേരി, ബലറാംപൂർ, സിദ്ധാർത്ഥനഗർ, മഹാരാജ്ഗഞ്ച്, ഗോരഖ്പൂർ, ഖുഷിനഗർ, ഡിയോറിയ, സന്ത്കബീർ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവയിൽ ഒറ്റപ്പെട്ടതോ കനത്തതോ അതിശക്തമായ മഴയ്ക്ക് സാധ്യയുളളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിലെ കർസിംഗയിൽ മണ്ണിടിച്ചിൽ കാരണം പ്രധാനപാതകൾ അടച്ചു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉത്തർപ്രദേശിലും കനത്ത മഴ തുടരുകയാണ്. അയോധ്യയിൽ സരയു നദി കരകവിഞ്ഞൊഴുകിയതോടെ പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ പ്രളയം രൂക്ഷമായചമ്പാവത് മേഖലയിൽ നിന്നും നാനൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























